ULLOZHUKKU (2024) MALAYALAM MOVIE REVIEW

 


ഉള്ളൊഴുക്ക് (2024)

സംവിധാനം :- ക്രിസ്റ്റോ ടോമി

നെറ്റ്ഫ്ലിക്സിൽ തരംഗം സൃഷ്ടിച്ച കറി ആൻഡ് സയനൈഡ് എന്ന ഡോക്യൂമെന്ററിക്ക് ശേഷം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്തു ഉർവശി, പാർവതി തിരുവോത്ത്, പ്രശാന്ത് മുരളി, അലൻസിയർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഉള്ളൊഴുക്ക്. ഇതിനോടകം നിരവധി ബഹുമതികൾ നേടിയ സിനിമ സാധാരണ പ്രേക്ഷകർക്കിടയിലും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 

കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ തികച്ചും ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തെയും അവിടെ സംഭവിക്കുന്ന ഒരു മരണം, തുടർന്നുള്ള അവർക്കിടയിലെ കുടുംബ ബന്ധങ്ങളെയും കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ലീലാമ്മ, മകൻ തോമസുകുട്ടി, ഭാര്യ അഞ്ജു എന്നിവർ അടങ്ങുന്ന വീടും അവർക്ക് ഉള്ളിലെ സങ്കീർണമായ തലത്തിലേക്ക് പോകുന്ന ബന്ധങ്ങളുടെയും കൂടി കഥയാണ് ഉള്ളൊഴുക്ക് സംവദിക്കുന്നത്. 

പോസിറ്റീവ്

കാസ്റ്റിങ് + പെർഫോമൻസ്

സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ കാസ്റ്റിങ് തന്നെയാണ് സംവിധായകൻ തിരഞ്ഞെടുത്തത് എന്ന് അടിവരയിട്ട് പറയാവുന്ന തരത്തിലുള്ള മികവുറ്റ പ്രകടനങ്ങളും മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സിനിമ. കാണുന്ന പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്ന ഒരുപാട് നിമിഷങ്ങൾ സിനിമ സമ്മാനിക്കുന്നുണ്ട്. 

പാർവതിയുടെയും ഉർവശി ചേച്ചിയുടെയും മത്സരിച്ചുള്ള ഗംഭീര അഭിനയം കാണാൻ തന്നെ പ്രത്യേക ഭംഗിയായിരുന്നു. അതുപോലെ തന്നെ സപ്പോർട്ടിങ് റോളുകളിൽ വന്ന പ്രശാന്ത് മുരളി, അലൻസിയർ, അർജുൻ രാധാകൃഷ്ണൻ, തുടങ്ങിയവരും പ്രകടനങ്ങളിൽ നന്നായിരുന്നു.

ശക്തമായ കഥാപാത്ര രൂപീകരണം

ഈ സിനിമയുടെ പ്രധാന പ്രത്യേകത ഇതിലെ ഓരോ കഥാപാത്രങ്ങളുടെ പോയിന്റ് ഓഫ് വ്യൂ നോക്കിയാലും അവരെല്ലാം കേന്ദ്ര കഥാപാത്രങ്ങൾ ആയി തോന്നും എന്നതാണ്. കാരണം അത്രയ്ക്ക് ഡീറ്റൈലിങ് ഡയറക്ടർ നമുക്ക് നൽകുന്നുണ്ട്. അഞ്ജുവിന്റെയും ലീലാമ്മ യുടെയും മാനസിക സംഘർഷങ്ങൾ അതേ അളവിൽ പ്രേക്ഷകരിലേക്കും എത്തിക്കാൻ സംവിധായകന് കഴിഞ്ഞു. തിരക്കഥയുടെ ബലം കൂടിയാണ് ഇതിന് കാരണം എന്ന് നിസ്സംശയം പറയാം. 

ടെക്നിക്കൽ സൈഡ് നോക്കിയാൽ സുഷിൻ ശ്യാം ഒരുക്കിയ ബിജിഎം, ഷെഹ്നാദ് ജലാലിന്റെ ക്വാളിറ്റി വിഷ്വൽസ്, കിരൺ ദാസിന്റെ കൃത്യമായ കട്ടുകൾ അങ്ങനെയല്ലാം മികച്ചു നിന്നു. 

നെഗറ്റീവ്

തീർത്തും ഓഫ് ബീറ്റ് ടൈപ്പിലുള്ള, സ്ലോ ആയ സിനിമയായത് കൊണ്ട് തന്നെ എല്ലാത്തരം പ്രേക്ഷകർക്കും സിനിമ കണക്റ്റ് ആകുമോ എന്നത് സംശയം ആണ്. എന്നാൽ അത് സിനിമയുടെ കുഴപ്പമല്ല. ഈ ചിത്രം അത് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെ പതിഞ്ഞ താളത്തിൽ ഒഴുകുന്ന ഒരു സിനിമയാണ് ഉള്ളൊഴുക്ക്. ഒരു തവണ കഥാപാത്രങ്ങളുടെ ഇമോഷൻസും ആയി നിങ്ങൾ കണക്ട് ആയാൽ പിന്നെ അതിന്റെ ഒഴുക്കിനൊപ്പം നിങ്ങൾക്ക് അനായാസം സഞ്ചരിക്കാൻ സാധിക്കും. 

എന്റെ അഭിപ്രായം

മനുഷ്യ ബന്ധങ്ങളുടെയും ആ മനുഷ്യർക്ക് ഉള്ളിലെ വിചാര - വികാര വിസ്ഫോടനങ്ങളുടെയും ആരെയും അറിയിക്കാതെ അവർ കൊണ്ട് നടക്കുന്ന ഉള്ളുലയ്ക്കുന്ന നോവുകളുടെയും മനോഹരമായ ഒഴുക്ക് എന്ന് ചുരുങ്ങിയ വാക്കുകളിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. പേഴ്സണലി സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി. ബാക്കി നിങ്ങൾ കണ്ടു തീരുമാനിക്കുക.

#Naaz373 😊

Comments