KISHKINDHA KAANDAM (2024) MALAYALAM MOVIE REVIEW


 

കിഷ്കിന്ധ കാണ്ഡം (2024)

സംവിധാനം:- ദിൻജിത് അയ്യത്താൻ

ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, നിഷാൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത രണ്ടാമത്തെ സംവിധാന സംരംഭം ആണ് കിഷ്കിന്ധ കാണ്ഡം.

അജയചന്ദ്രൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ആയി ആസിഫ് അലിയുടെ അസാമാന്യ പ്രകടനം, ഒപ്പം റിട്ടയേർഡ് മിലിട്ടറി ഓഫീസർ അപ്പുപിള്ള ആയി വിജയരാഘവനും തകർത്ത് അഭിനയിച്ചപ്പോൾ ഫോറസ്റ്റ് വാച്ചർ സുമാദത്തൻ ആയി ജഗദീഷ് ചേട്ടനും ഗംഭീര പെർഫോമൻസ് കാഴ്ച വെച്ചു. 

അജയചന്ദ്രൻ, അയാളുടെ അച്ഛൻ, ഭാര്യ എന്നിവർ മാത്രം അടങ്ങുന്ന തിരുനെല്ലി വനമേഖലയുടെ നടുവിലെ അവരുടെ വീട്ടിൽ ഒരിക്കൽ നടന്ന ചച്ചു എന്ന കുട്ടിയുടെ തിരോധാനം, അതേ തുടർന്നുണ്ടായ അന്വേഷണം, ഈ സംഭവങ്ങൾ ആ കുടുംബത്തെ എങ്ങനെ ബാധിച്ചു, അതിന് പിന്നിലെ സത്യാവസ്ഥ എന്താണ്... എന്നതുമാണ് സിനിമയുടെ പ്രമേയം എന്ന് ഒറ്റവാക്കിൽ പറയാം. 

സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയതും കാമറ ചലിപ്പിച്ചതും ഒരാൾ തന്നെയാണ് - ബാഹുൽ രമേശിന്റെ സ്ക്രിപ്റ്റ് ക്വാളിറ്റി പറയാതിരിക്കാൻ കഴിയില്ല. ആർക്കും എളുപ്പം മനസിലാകുന്ന രീതിയിൽ തന്നെയാണ് സിനിമ അണിയിച്ചൊരുക്കിയത്. സങ്കീർണമായ ഒരു കഥാപാത്രം, അയാൾ അഭിമുഖീകരിക്കേണ്ടി വരുന്ന സംഘർഷ അവസ്ഥകൾ, അയാളുടെ മാത്രം ഉള്ളിൽ ഉറങ്ങുന്ന ഒരായിരം രഹസ്യങ്ങൾ, അവ തേടിയുള്ള മറ്റുള്ളവരുടെ യാത്ര ഇതൊക്കെയാണ് സിനിമ ആത്യന്തികമായി ചർച്ച ചെയ്യുന്ന കാര്യങ്ങൾ. 


പോസിറ്റീവ്


പെർഫോമൻസ് + മേക്കിങ് ക്വാളിറ്റി 💥👌

പതിഞ്ഞ താളത്തിൽ തുടങ്ങിയ സിനിമ, ക്യാരക്ടർ ഇൻട്രോ കഴിഞ്ഞു സിനിമ അതിന്റെ ട്രാക്കിലേക്ക് കേറിയതിന് ശേഷം ഇന്റർവെൽ അടുത്ത് ഒരു ട്വിസ്റ്റ് സംഭവിക്കുന്നുണ്ട്. അതൊക്കെ വളരെ സ്വാഭാവികം മാത്രം ആയിരുന്നു എങ്കിൽ പോലും അത് തരുന്ന ഒരു ഞെട്ടലും ഷോക്കും മറ്റൊന്നായിരുന്നു. കാരണം ഒരിക്കലും അങ്ങനെയൊരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല.

ദൃശ്യം പോലെ ഒരു സാധാരണ ഫാമിലി സ്റ്റോറിയിലേക്ക് നൈസ് ആയി ഒരു ത്രില്ലർ എലമെന്റ് വളരെ നോർമൽ / ഓർഗാനിക് ആയി ഇൻജെക്റ്റ് ചെയ്യുന്ന തരത്തിലുള്ള ഒരു മാജിക് ഇവിടെയും കാണാം. അത് എഴുത്തിന്റെ ഭംഗിയാണ്. അത്രയ്ക്ക് നാച്ചുറൽ ആയിട്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേപോലെ സിനിമാട്ടോഗ്രാഫി കൂടി ഇതിനൊപ്പം എടുത്തു പറയേണ്ടതാണ്. ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ എഴുത്തും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് ഓരൊറ്റയാൾ തന്നെയാണ്...!!! ബാഹുൽ രമേശ് - അന്യായ ഡിഒപി എന്ന് പറയാതെ വയ്യ. ആ കാടിന്റെ വന്യതയും ഭീകരതയും ഒട്ടും തന്നെ ചോർന്ന് പോകാതെ സ്ക്രീനിൽ എത്തിക്കാൻ ആൾക്ക് കഴിഞ്ഞു. അതുപോലെ എഴുത്തിലെ കെട്ടുറപ്പ്, അല്ലെങ്കിൽ ചെറുതായി ഒന്ന് പാളി പോയാൽ പോലും കയ്യിൽ നിന്ന് പോകുന്ന ഫാമിലി ഡ്രാമ ജേണർ അത്രയ്ക്ക് കയ്യടക്കത്തോടെയാണ് ബാഹുൽ എഴുതി ചേർത്തിരിക്കുന്നത്. ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കഥയോ കഥാ സന്ദർഭങ്ങളോ ആയിരുന്നില്ല എങ്കിൽപ്പോലും സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ നമ്മളും ആ കാട്ടിനുള്ളിൽ അകപ്പെട്ട പോലൊരു ഫീൽ ആയിരുന്നു. അങ്ങനെ തോന്നിയത് ആ സ്ക്രിപ്റ്റിന്റെ ക്വാളിറ്റി കൊണ്ട് കൂടിയാണ്. 

ശക്തമായ എഴുത്തിന് ഒപ്പം ആസിഫ്, അപർണ, വിജയരാഘവൻ, ജഗദീഷ് ഉൾപ്പെടെ എല്ലാവരും കിടിലൻ പ്രകടനം കൂടി കാഴ്ച വെച്ചപ്പോൾ ആ കഥാപാത്രങ്ങൾ കൂടി പ്രേക്ഷകർക്ക് ഈസിയായി കണക്റ്റ് ആയി. പിന്നെ നമ്മളും അവരിൽ ഒരാളായിരുന്നു. അവരുടെ ഇമോഷൻസ് പോലും വളരെ സ്വാഭാവികമായി പ്രേക്ഷകനുമായി സംവദിക്കാൻ സംവിധായകനും, അഭിനേതാവിനും, എഴുത്തുകാരനും ഒരേപോലെ കഴിഞ്ഞു. അതിന്റെ ഏറ്റവും മികച്ച ഉദാഹരണം സിനിമയിൽ ഒരു പോയിന്റിൽ വെച്ചു സംഭവിക്കുന്ന ഒരു മരണമാണ്. കൂടുതൽ പറഞ്ഞു സ്പോയ്ലർ ആക്കുന്നില്ല. 

ദിൻജിത് അയ്യത്താൻ തന്റെ രണ്ടാംഘട്ടത്തിൽ ഇതുപോലെ ഒരു പരീക്ഷണം എടുത്തു ചെയ്യാൻ കാണിച്ച ധൈര്യം സമ്മതിച്ചു കൊടുക്കണം. നോർമൽ ഫാമിലി ഡ്രാമ ആയി പൊക്കൊണ്ടിരുന്ന സിനിമയെ ഇന്റർവെൽ ശേഷം ടോട്ടലി ട്രാക്ക് മാറ്റിയ ഡയറക്ഷൻ ആയിരുന്നു എന്ന് നിസ്സംശയം പറയാൻ കഴിയുന്ന ലെവൽ ഓഫ് മേക്കിങ്. 

ക്രിസ്‌പ്‌ ആയ കട്ടുകൾ + ക്വാളിറ്റി ടെക്നിക്കൽ ഡിപ്പാർട്ട്‌മെന്റ്

ഏറെക്കാലം കൂടിയാണ് എഡിറ്റിങ് മികച്ചു നിൽക്കുന്ന ഒരു സിനിമ കാണാൻ കഴിഞ്ഞത്. രണ്ട് മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് എന്താണോ സിനിമ പറയാൻ ഉദ്ദേശിച്ചത് അത് നീറ്റ് ആൻഡ് ക്ലീനായി പറഞ്ഞു വെച്ചു. അനാവശ്യ ഡ്രാമ കുത്തി തിരുകാതെ തന്നെ സിനിമ പ്രേക്ഷകർക്ക് കണക്റ്റ് ആയി. അത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. ഒരു തരി ലാഗ് പോലും പേഴ്സണലി എനിക്ക് അനുഭവപ്പെട്ടില്ല. അതിന്റെ ഫുൾ ക്രെഡിറ്റ് എഡിറ്റർ സൂരജ് ഇ. എസിന് ആണ്. അതേപോലെ തന്നെ മുജീബ് മജീദ് ഒരുക്കിയ സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ട പോസിറ്റീവ് ആണ്. ചില ഇന്റൻസ് ആയിട്ടുള്ള സീനുകളിൽ യൂസ് ചെയ്ത ബിജിഎം ആ സീൻ ടോട്ടലി എലിവേറ്റ് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സിലേക്ക് വരുമ്പോൾ...👌


വിഷ്വൽ ക്വാളിറ്റി + സ്ക്രിപ്റ്റ് സെലക്ഷൻ 🤩👌

ബാഹുൽ രമേശിനെ ഇവിടെയും മെൻഷൻ ചെയ്യാതിരിക്കാൻ ആവില്ല. കാരണം ഒരേസമയം ക്യാമറയും, എഴുത്തും കൈകാര്യം ചെയ്യുക എന്നത്‌ നിസാര സംഗതിയല്ല. താൻ എന്താണോ സ്ക്രീനിൽ കാണാൻ ആഗ്രഹിച്ചത് അത് അതുപോലെ ക്രിയേറ്റ് ചെയ്ത് എടുക്കാൻ പുള്ളിക്ക് കഴിഞ്ഞു. അതിന്റെ ഫുൾ ക്രെഡിറ്റ് അയാൾക്ക് മാത്രം അവകാശപ്പെട്ടതാണ്. സ്ക്രീനിൽ എന്ത് കാണിക്കണം എന്ന് ഒരു എഴുത്തുകാരൻ സ്വതന്ത്രമായി തീരുമാനിക്കാൻ കഴിഞ്ഞു എന്നതാണ് അതിന്റെ ഹൈലൈറ്റ്. 

വിജയരാഘവൻ + ജഗദീഷ് സ്‌കൂൾ ഓഫ് ആക്ടിംഗ് 💎

ഈ പ്രായത്തിലും എന്നാ ഒരിതാ... എന്ന് മഹേഷിന്റെ പ്രതികാരം സിനിമയിൽ അലൻസിയറിന്റെ കഥാപാത്രം പറയുന്നത് പോലെ ഇവർ രണ്ടുപേരും ഇവരുടെ ഈ പ്രായത്തിലും നമ്മെ ഞെട്ടിക്കുകയാണ്. 'അപ്പു പിള്ളയും, സുമാ ദത്തനും' അത്രയ്ക്ക് ഇന്റൻസ് ആയിരുന്നു. അവർ അത് അതുപോലെ തന്നെ ഡെലിവർ ചെയ്തിട്ടുണ്ട്. അതിൽ തന്നെ ചില മൂളലുകൾ കൊണ്ട് പോലും അപ്പു പിള്ള എന്ന ആ കഥാപാത്രം എന്താണെന്ന് വ്യക്തമായി വരച്ചിടാൻ വിജയരാഘവൻ എന്ന അതുല്യ നടന് നിസാരമായി കഴിഞ്ഞു. അഞ്ഞൂറാൻ റെഫറൻസ് ഒക്കെ നന്നായിരുന്നു. ജഗദീഷ് ചേട്ടന്റെ ക്യാരക്ടർ കൂടുതൽ എക്‌സ്‌പ്ലോർ ചെയ്തില്ലെങ്കിൽ പോലും ഉള്ളത് മികച്ചതാക്കാൻ അദ്ദേഹത്തിനും കഴിഞ്ഞു. ഇവരൊക്കെയാണ് ശരിക്കും നമ്മുടെ റിയൽ സൂപ്പർസ്റ്റാഴ്‌സ്. അത് അടിവരയിട്ട് പറയാവുന്ന ലെവൽ ഓഫ് പെർഫോമൻസ്...👌


നെഗറ്റീവ്

ലെങ്ത് കുറഞ്ഞു പോയെന്ന് ഒരു സിനിമ കണ്ടിട്ട് തോന്നുന്നത് ഇതാദ്യമായാണ്. ഫസ്റ്റ് ഹാഫ് ഒക്കെ തുടങ്ങിയതും തീർന്നതും അറിഞ്ഞേയില്ല. അതുപോലെ സെക്കന്റ് ഹാഫും. വെറും രണ്ട് മണിക്കൂർ കൊണ്ട് പ്രേക്ഷകർക്ക് ഒരു ഹോണ്ടിങ് എക്സ്പീരിയൻസ് നൽകുന്ന സിനിമ കൂടിയാണ് കിഷ്കിന്ധ കാണ്ഡം. ഇതിൽ കാണിക്കുന്ന കുരങ്ങന്മാർ വരെ അമ്മാതിരി ലെവൽ ആയിരുന്നു. പറ്റിയാൽ ഒന്നൂടെ പോകണം.

എന്റെ അഭിപ്രായം

ഏറെക്കാലത്തിന് ശേഷം എല്ലാം കൊണ്ടും സംതൃപ്തി നൽകിയ ഗംഭീര സിനിമ. നിങ്ങൾ ഈ ചിത്രം കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ കൂടുതൽ റിവ്യൂസ് ഒന്നും നോക്കാതെ നേരെ തിയറ്ററിലേക്ക് വിട്ടോ...

മിനിമം ഗ്യാരന്റി ഞാൻ ഉറപ്പ് തരാം. ഫാമിലീസ് കൂടുതൽ സിനിമയ്ക്ക് എത്തി തുടങ്ങുന്നത് നല്ലൊരു സൂചനയാണ്. തൊട്ടപ്പുറത്ത് ARM പോലൊരു കംപ്ലീറ്റ് എന്റർടെയ്നർ ഉള്ളപ്പോൾ ആണിത് എന്നോർക്കണം. എന്തായാലും സിനിമ അത് അർഹിച്ച വിജയം നേടട്ടെ...❤️

#Naaz373 😊


Comments