AJAYANTE RANDAM MOSHANAM aka ARM (2024) MOVIE REVIEW

 


അജയന്റെ രണ്ടാം മോഷണം / ARM (2024)

സംവിധാനം:- ജിതിൻ ലാൽ

ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന മലയാളത്തിൽ നിന്നുമുള്ള പാൻ ഇന്ത്യൻ സിനിമ എന്ന നിലയിൽ സിനിമാസ്വാദകരുടെ ഇടയിൽ ശ്രദ്ധേയമായ സിനിമയായിരുന്നു അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ തോമസ് ചിത്രം. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത് കൃതി ഷെട്ടി, രോഹിണി, സുരഭി ലക്ഷ്മി, മാല പാർവതി, ബേസിൽ ജോസഫ്, നിസ്താർ മുഹമ്മദ്, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു പുറത്തിറങ്ങിയ സിനിമ ആദ്യ ദിനം തന്നെ കാണാൻ സാധിച്ചു. മലയാളത്തിന് പുറമെ അന്യഭാഷകളിലും സിനിമ ലോകവ്യാപകമായി ഇന്ന് റിലീസായി. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പുറത്തിറക്കുന്ന സിനിമയ്ക്ക് ത്രീഡി പതിപ്പ് ആണെന്നുള്ളതും ഒരു പ്രത്യേകത ആണ്. 2D യിലും സിനിമ തിയറ്ററുകളിൽ ലഭ്യമാണ്. എന്റെ അഭിപ്രായത്തിൽ 2D യിൽ കണ്ടാലും നഷ്ടമില്ല.ത്രീഡി എഫക്ട് അങ്ങനെ കാര്യമായി എനിക്ക് ഫീൽ ചെയ്തില്ല. സിനിമയുടെ തുടക്കത്തിൽ കുറച്ചു സമയം ഉണ്ടെന്ന് അല്ലാതെ ഇത് ത്രീഡിയിൽ തന്നെ നിർബന്ധമായും കാണേണ്ട സിനിമായൊന്നുമല്ല. കണ്ണാടിയ്ക്ക് മുപ്പത് രൂപ കളയേണ്ട എന്നുള്ളവർക്ക് ധൈര്യമായി 2D ടിക്കറ്റ് എടുക്കാം.


സിനിമയിലേക്ക്...

കുഞ്ഞിക്കേളു - മണിയൻ - അജയൻ ⚡👌

പല തലമുറകളിലായി ജനിക്കുന്ന മുത്തച്ഛൻ മുതൽ കൊച്ചുമകൻ വരെയുള്ള കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച്, തീർത്തും ഒരു നാടോടിക്കഥ കേൾക്കുന്നത് പോലെയോ മുത്തശ്ശിക്കഥകളിൽ നാം കേട്ടറിഞ്ഞ പോലുള്ള ഒരുകൂട്ടം ആളുകളും അവരുടെ ജീവിതവും, ആ കാലഘട്ടത്തിൽ അവർക്കിടയിൽ സംഭവിക്കുന്ന ചില അസാധാരണ സംഭവങ്ങളും ഒക്കെയാണ് സിനിമയ്ക്ക് ഇതിവൃത്തം ആയി വരുന്നത്. സ്‌പോയ്ലർ ആവാതിരിക്കാൻ വേണ്ടി ഞാൻ കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല. എന്നിരുന്നാലും വളരെ പുതുമ നിറഞ്ഞതും, അതേസമയം തികച്ചും വ്യത്യസ്തമായതും വേറിട്ടതുമായ കഥയും കഥാപത്രങ്ങളുമാണ് സിനിമയിൽ വന്ന് പോകുന്നത്. പഴയ കാലഘട്ടം ഒക്കെ വളരെ മനോഹരമായി ചിത്രീകരിച്ച സിനിമയുടെ ടെക്നിക്കൽ ക്വാളിറ്റി പ്രശംസ അർഹിക്കുന്നു. അതേപ്പറ്റി കൂടുതൽ പിന്നീട്‌ പറയാം.


പോസിറ്റീവ്

ടോവിനോ തോമസ് എന്ന കയ്യടക്കമുള്ള നടൻ - അതേ, അയാൾ തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് എന്ന് പറയുന്നത്. കാരണം ഒന്നും രണ്ടുമല്ല, നടപ്പിലും ഇരിപ്പിലും യാതൊരു സാദൃശ്യവും ഇല്ലാത്ത മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങൾ ആയി ടോവിനോ പരകായ പ്രവേശം നടത്തിയെന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ആവില്ല. കുഞ്ഞി‌ക്കേളു ആയും അയാളുടെ മകൻ മണിയൻ ആയിട്ടും അയാളുടെ കൊച്ചുമകൻ അജയൻ എന്ന പിൻ തലമുറക്കാരൻ ആയിട്ടുമുള്ള ടോവിനോ എന്ന നടന്റെ തീർത്തും വ്യത്യസ്‌തമായ, ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള പെർഫോമൻസ് മികവ് നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാം. അത് അയാൾ വളരെ കയ്യടക്കത്തോടെ തന്നെ സ്ക്രീനിൽ എത്തിച്ചിട്ടുമുണ്ട്. മണിയൻ എന്ന കഥാപാത്രം ആയിരുന്നു ഏറ്റവും കൂടുതൽ കയ്യടി നേടിയത്. അത്രയ്ക്ക് ലൗഡ് ആയിട്ടുള്ള ഒരു കഥാപാത്രത്തെ തന്നെ ആദ്യമായിട്ടാവും ടോവിനോ അവതരിപ്പിക്കുന്നത്. എന്നാൽ അതിന്റെ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ എന്നാൽ മറ്റാർക്കും ചെയ്യാനാവാത്ത വിധം അയാൾ ആ മൂന്ന് കഥാപാത്രങ്ങളെയും ഗംഭീരമായി ചെയ്തു വെച്ചിട്ടുണ്ട്. 

ഗ്രാൻഡ് വിഷ്വൽസ് + ക്വാളിറ്റി മേക്കിങ് 

സിനിമ മുഴുവൻ സമയവും എൻഗേജിങ് ആക്കി നിർത്തുന്നത് സംവിധായകന്റെ കഴിവ് കൊണ്ട് കൂടിയാണ്. ടെക്നിക്കൽ സൈഡ് ഉൾപ്പെടെ എല്ലാം ഗംഭീരം. ഛായാഗ്രഹണം നിർവഹിച്ചത് ജോമോൻ ടി. ജോൺ ആണ്. സിനിമയുടെ മൂഡിന് അനുയോജ്യമായ വിധത്തിൽ കളർ ഗ്രേഡിംഗ് ഉൾപ്പെടെ ചെയ്യാൻ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചു. അതിന്റെ റിസൾട്ട് സിനിമയിൽ നമുക്ക് കാണാം. 


മ്യൂസിക് & ബാക്ക്ഗ്രൗണ്ട് സ്കോറിങ്‌

ദിബു നൈനാൻ തോമസ് ഒരുക്കിയ അതിഗംഭീരമായ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയുടെ മുതൽക്കൂട്ടാണ്. ചെറിയ സീനുകളിൽ പോലും ബിജിഎം ആ രംഗങ്ങളെ ഹോൾഡ് ചെയ്തു നിർത്തുന്ന പോലൊരു ഫീൽ ആയിരുന്നു. ചെയ്ത ബിജിഎം എല്ലാം കിടിലൻ ആയിരുന്നു. അതുപോലെ തന്നെ പാട്ടുകളും. 


സ്ക്രിപ്റ്റിലെ ഫ്രഷ്നസ്, ഒപ്പം പെർഫോമൻസിലെയും...

നാം കേട്ടറിഞ്ഞ മുത്തശ്ശിക്കഥകൾ യാഥാർഥ്യമായി സംഭവിച്ചത് പോലെയായിരുന്നു സിനിമയിൽ ഓരോ രംഗങ്ങളും, അതിനോടൊപ്പം കഥാപാത്രങ്ങളും അവയുടെ രൂപീകരണവും. അത് കൂടാതെ ഓരോ സീനിലും പ്രേക്ഷകരെ എക്സൈറ്റ് ചെയ്യിക്കുന്ന എന്തെങ്കിലും ഒന്ന് അവിടെ ഉണ്ടാവും. അത് ഒരുപാട് തല പുകഞ്ഞു എഴുതി ചേർത്തത് ആയിരുന്നു. ഫാന്റസി ജേണറിൽ വന്ന മലൈക്കോട്ടൈ വാലിബനിൽ ലിജോ മിസ്സാക്കിയ ആ ഒരു എൻഗേജിങ് ഏലമെന്റ് ഇവിടെ വരുമ്പോൾ വൃത്തിയായി ജിതിൻ ലാൽ എന്ന യുവ സംവിധായകൻ ARM എന്ന ഈ ചിത്രത്തിലൂടെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. കുടുംബ പ്രേക്ഷകർ ഈ സിനിമ ഏറ്റെടുത്താൽ ബോക്‌സ് ഓഫിസ് കളക്ഷന്റെ കാര്യത്തിൽ പല റെക്കോർഡുകളും ഇവിടെ പിറക്കാൻ സാധ്യത ഉണ്ട്. 

ഇതുവരെ കാണാത്ത ചില പ്രകടന മികവുകൾ കൊണ്ട് കൂടി സമ്പന്നമാണ് ഈ സിനിമ. വലിയൊരു താരനിര ചേരുന്ന ഈ ചിത്രം അതിന്റെ പെർഫെക്റ്റ് കാസ്റ്റിങ് കൊണ്ടും അഭിനേതാക്കളുടെ മാക്സിമം എഫർട്ട് കൊണ്ടും പീക്ക് ലെവലിൽ തന്നെയാണ് സിനിമയുടെ ഗ്രാഫ് പോകുന്നത്. ഒരിക്കൽ പോലും അത് എവിടെയും ഡൗൺ ആകുന്നില്ല. അതിൽ തന്നെ എടുത്തു പറയേണ്ട പ്രകടനങ്ങളിൽ ഒന്നാണ് സുരഭി ലക്ഷ്മി ചെയ്ത് ഗംഭീരമാക്കിയ മാണിക്യം എന്ന ആ അമ്മാമ്മ യുടെ കഥാപാത്രം. ടോവിനോയുടെ ജോഡിയായി ചുമ്മാ തകർത്തു പോയിട്ടുണ്ട്. മറ്റ് നായികമാരെ വരെ കടത്തിവെട്ടിയ പെർഫോമൻസ് മികവ് ഇവിടെ സ്വന്തം. ചില നോട്ടങ്ങൾ കൊണ്ടും, ചെറു പുഞ്ചിരി കൊണ്ടും സബ്‌റ്റിൽ ആയിട്ടുള്ള തീരെ ലൗഡ് അല്ലാത്ത അഭിനയ മികവ് കൊണ്ടും സുരഭി ലക്ഷ്മി എന്നിലെ പ്രേക്ഷകന് പ്രിയപ്പെട്ടവൾ ആയി മാറുന്നുണ്ട്. അതുപോലെ രോഹിണി ചെയ്ത അമ്മവേഷം, മണിയന്റെ സ്വന്തം നാണു എട്ടനായി വന്ന ജഗദീഷ് ചേട്ടൻ - അന്യായ പെർഫോമൻസ് തന്നെ അണ്ണാ...🔥👌 ഇങ്ങേരോക്കെ വേറെ ലെവലിലേക്ക് ആണ് പൊക്കൊണ്ടിരിക്കുന്നത്. ആ മേക്കോവറിൽ പുള്ളി ശരിക്കും അഴിഞ്ഞാടുകയായിരുന്നു. "മണിയന് മരണമില്ല, ഒപ്പം നാണുവിനും..." പീക്ക് ലെവൽ പെർഫോമൻസ് ❤️


ആർട്ട് വർക്ക് + ക്വാളിറ്റി പ്രൊഡക്ഷൻ

മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഗംഭീര കലാ സംവിധാന മികവോടെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകന് എല്ലാ സ്വാതന്ത്ര്യവും നൽകുന്ന ഒരു നിർമാതാവ് കൂടിയാണ് ലിസ്റ്റിൻ സ്റ്റീഫൻ എന്ന് ഈ സിനിമയുടെ മേക്കിങ് കാണുമ്പോൾ മനസ്സിലാകും. ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ സിനിമയുടെ മാക്സിമം ഔട്ട്പുട്ട് പ്രേക്ഷകർക്ക് നൽകാൻ നിർമാതാവും സംവിധായകനും ശ്രമിച്ചിട്ടുണ്ടെന്നു ഇന്നലെ ക്യാൻസൽ ആക്കേണ്ടി വന്ന ത്രീഡി പതിപ്പ് വെച്ചു കളിക്കേണ്ട ഷോസ് പുനഃസ്ഥാപിക്കാൻ നേരിട്ട് ഇറങ്ങിയപ്പോൾ അത് വലിയൊരു കാര്യം തന്നെയാണ്. 


ആക്ഷൻ സെറ്റ് പീസുകൾ

ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കൊണ്ട് കൂടി സിനിമ ശ്രദ്ധേയമാകുന്നത്. വിക്രം മോറും ഫീനിക്സ് പ്രഭുവും ചേർന്ന് ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫി കിടിലൻ ആയിരുന്നു. അതിൽ തന്നെ മണിയന്റെ അടി മുഴുവൻ വല്ലാത്തൊരു എനർജി ആയിരുന്നു. 

ബാക്കി ടെക്നിക്കൽ സൈഡ് നോക്കിയാൽ എഡിറ്റിങ് ഡിപ്പാർട്ട്‌മെന്റ് കൈകാര്യം ചെയ്ത ഷെമീർ മുഹമ്മദ് - കൃത്യമായി രണ്ടര മണിക്കൂർ കൊണ്ട് പറയേണ്ട കാര്യങ്ങൾ മാത്രം നീറ്റ് ആൻഡ് ക്ലീൻ ആയി ക്രിസ്‌പ് ആയി പറഞ്ഞ എഡിറ്റർക്ക് ഒരു കുതിരപ്പവൻ കൊടുക്കണം. അതുപോലെ ഷിജോ + അമോഗ് ടീമിന്റെ പ്രൊഡക്ഷൻ ക്വാളിറ്റി ഓരോ സിംഗിൾ ഷോട്ടിലും പ്രകടമാണ്, ആനന്ദ് പദ്മൻ - അനൂപ് വിജയകുമാർ ടീമിന്റെ ഗംഭീര ആർട്ട് വർക്ക്, പതിമൂന്ന് അംഗ വിഷ്വൽ എഫക്ട്സ് ടീം, പതിനൊന്ന് അംഗ സൗണ്ട് ഡിപ്പാർട്ട്‌മെന്റ് ഉൾപ്പടെയുള്ള ഓരോരുത്തരും ഈ സിനിമയുടെ വിജയത്തിന്റെ ഭാഗമാണ്. ആരെയും ഒഴിവാക്കി പറയാനാവാത്ത വിധം സിനിമയെ മൊത്തം ക്രൂ തന്നെ ലിഫ്റ്റ് ചെയ്തു നിർത്തി. 


നെഗറ്റീവ്

ERROR 404 : NOT FOUND

ഈ സിനിമ ആസ്വദിച്ചു കണ്ട തിരക്കിൽ യാതൊരു പോരായ്മകളും എന്റെ കണ്ണിൽ പെട്ടില്ല. ഒരു തരി ലാഗ് പോലും...


എന്റെ അഭിപ്രായം

ഓണം റിലീസ് എന്ന നിലയിൽ ഏറ്റവും പെർഫെക്റ്റ് ചോയ്സ് ഈ സിനിമ ആയിരിക്കും.കൂടാതെ എല്ലാത്തരം പ്രേക്ഷകർക്കും വർക്ക് ആകുന്ന സിനിമ കൂടിയായിരിക്കും ഇത്. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകർ സിനിമ ഏറ്റെടുത്താൽ പിന്നെ ഒന്നും നോക്കണ്ട, ബ്ലോക്ക്ബസ്റ്റർ തൂക്കും. 

ഫെസ്റ്റിവൽ ടൈമിൽ ഫ്രണ്ട്സ് / ഫാമിലിയായി ഒരു സിനിമ കാണാൻ പോകാൻ താൽപ്പര്യം ഉള്ളവർക്ക് കണ്ണുംപൂട്ടി ടിക്കറ്റ് എടുക്കാം. അവർക്ക് മാത്രമല്ല സിനിമ എന്ന ആർട്ട് ഫോമിനെ ഇഷ്ടപെടുന്ന ഓരോരുത്തരും എക്സ്പീരിയൻസ് ചെയ്യേണ്ട ഗംഭീര സിനിമ കൂടിയാണ് അജയന്റെ രണ്ടാം മോഷണം. ടോവിനോ ഇത്തവണ ഓണ കപ്പ് തൂക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നു. എന്നാൽ ഒപ്പം വന്ന ആസിഫ് അലിയുടെ സിനിമ യ്ക്കും ലഭിക്കുന്ന പോസിറ്റീവ് റെസ്പോൺസ് പ്രതീക്ഷ നൽകുന്നുണ്ട്. "കിഷ്കിന്ധ കാണ്ഡം" റിവ്യൂ ഉടനെ പ്രതീക്ഷിക്കാം...🙏

#Naaz373 😊

Comments