ലക്കി ഭാസ്‌കർ (2024)
സംവിധാനം :- വെങ്കി അറ്റ്ലൂരി
കിങ് ഓഫ് കൊത്തയ്ക്ക് ശേഷം വരുന്ന ദുൽഖർ സൽമാൻ ചിത്രം, അതും തെലുങ്ക് ചിത്രം, പാൻ ഇന്ത്യൻ റിലീസായി എത്തിയ സിനിമ ഫാൻസ് ഉൾപ്പെടെ ആർക്കും കാര്യമായ പ്രതീക്ഷകളോ ആഘോഷങ്ങളോ ഇല്ലാത്ത സിനിമ ആയിരുന്നു. ഇന്നലെ പ്രീമിയർ ഷോ തുടങ്ങുന്നത് വരെ...
എന്നാൽ അതിന് ശേഷം, സിനിമയ്ക്ക് ലഭിച്ച ഗംഭീര പ്രതികരണങ്ങൾ ഞെട്ടിക്കുന്നത് ആയിരുന്നു. പെയ്ഡ് പ്രീമിയർ ഷോ ആയിരുന്നെങ്കിൽ കൂടിയും ജനറൽ ഓഡിയൻസ് പോലും സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങൾ പറഞ്ഞു കേട്ടപ്പോൾ ചെറിയൊരു പ്രതീക്ഷ തോന്നി. ആ നേരിയ പ്രതീക്ഷയോട് കൂടിയാണ് ഞാൻ ഇന്ന് ആദ്യ ഷോയ്ക്ക് ടിക്കറ്റ് എടുത്തത്.
അധികം വലിച്ചു നീട്ടാതെ സിനിമയിലേക്ക് വരാം...
ഭാസ്‌ക്കർ എന്ന ബാങ്ക് ജീവനക്കാരനായ തീർത്തും സാധാരണക്കാരനായ പ്രാരാബ്ധം പേറി ജീവിക്കുന്ന കുടുംബ നാഥന്റെ വേഷം ദുൽഖർ ഗംഭീരം ആയി അവതരിപ്പിച്ചു. ഭാര്യയുടെ വേഷത്തിൽ എത്തിയ മീനാക്ഷി ചൗധരി, രാംകി, തുടങ്ങിയവർ ആണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഭാസ്‌കർ, ഭാര്യ സുമതി, മകൻ, അച്ഛൻ അടങ്ങിയ കുടുംബത്തെ ഏറെ കഷ്ടപ്പെട്ട് കൊണ്ടാണ് അയാൾ മുന്നോട്ടു കൊണ്ടു പോകുന്നത്. രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ വേണ്ടി ആ കഥാപാത്രം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഗംഭീരമായി സ്ക്രീനിൽ കൊണ്ടുവരാൻ സിനിമയ്ക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ പ്രേക്ഷകർ സിനിമയുമായി കണക്റ്റ് ആകും. പിന്നീട് അയാളുടെ ജോലിയിലും ജീവിതത്തിലും ഉണ്ടാവുന്ന സംഭവ ബഹുലമായ കാര്യങ്ങൾ ആണ് സിനിമയുടെ പ്രമേയം. കഥയിലേക്ക് കൂടുതൽ കടന്നാൽ ചിലപ്പോൾ സ്പോയ്ലർ ആയിപ്പോകും.
പോസിറ്റീവ്
ദുൽഖർ സൽമാൻ എന്ന പെർഫോർമർ
കൊത്തയ്ക്ക് നേരിട്ട കനത്ത പരാജയം ദുൽഖർ എന്ന നടന്റെ കരിയറിനെ കുറച്ചൊന്നുമല്ല പിന്നോട്ട് വലിച്ചത്. അതിന് ശേഷം ഒരു വർഷമായി ഒരു മലയാള സിനിമ പോലും അയാൾ കമ്മിറ്റ് ചെയ്തില്ല എന്ന് മാത്രമല്ല മറ്റുള്ള ഭാഷകളിലും കാര്യമായ അപ്‌ഡേറ്റ് വന്നില്ല. ഫാൻസിനെയും തന്നെ സ്നേഹിക്കുന്ന സാധാരണ കുടുംബ പ്രേക്ഷകരെയും ഒരുപോലെ നിരാശപ്പെടുത്തിയ സമയം കൂടിയായിരുന്നു അത്. എന്നാൽ ഇരുട്ട് നീക്കി വെളിച്ചം വരുമെന്ന് പറയുന്നത് പോലെ കുറെ കാലത്തിന് ശേഷം വന്ന അപ്‌ഡേറ്റ് ആയിരുന്നു ഈ സിനിമയുടേത്. എന്നാൽ സാധാരണ ഒരു തെലുങ്ക് ചിത്രം എന്നതിൽ കവിഞ്ഞ് യാതൊരു പ്രതീക്ഷയും ആർക്കും ഉണ്ടായിരുന്നില്ല. തരക്കേടില്ലാത്ത ട്രയ്ലർ ആയിരുന്നു എങ്കിലും ഫാൻസ് ഉൾപ്പെടെ ആർക്കും തീരെ താൽപ്പര്യം ഇല്ലാത്ത സിനിമ കൂടിയായിരുന്നു ലക്കി ഭാസ്കർ. എന്നാൽ പ്രീമിയർ ഷോസ് ശേഷം അതിനെയെല്ലാം കാറ്റിൽ പറത്തി കൊണ്ട് ഗംഭീര റിവ്യൂസ് നേടി സിനിമ ഒരൊറ്റ രാത്രി കൊണ്ട് സെൻസേഷൻ ആയി മാറി. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ സിനിമ ട്രെന്റിങ് ആയി മാറി. ഇന്ന് ഫസ്റ്റ് ഡേ സിനിമ കണ്ട് കഴിഞ്ഞു ഇറങ്ങിയപ്പോൾ ഞാൻ ഒരൽപ്പം ഇമോഷണൽ ആയിപ്പോയി. കാരണം പഴങ്കഞ്ഞി പ്രതീക്ഷിച്ചു പോയ എനിക്ക് കിട്ടിയത് നല്ല കിടിലൻ മട്ടൻ ബിരിയാണി ആയിരുന്നു. ദുൽഖർ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു സിനിമയിൽ ഉടനീളം കാണാൻ കഴിഞ്ഞത്. പുള്ളിയുടെ എനർജി ലെവൽ അപാരമാണ്. സിനിമ ത്രൂ ഔട്ട് ആ ഓറ നിലനിർത്താൻ അയാൾക്ക് സാധിച്ചു. അതുപോലെ തന്നെ മീനാക്ഷിയുമായി നല്ലൊരു കെമിസ്ട്രി വർക്ക് ഔട്ട് ചെയ്യാനും പുള്ളിക്ക് കഴിഞ്ഞു. തന്റെ പരിമിതികൾ നന്നായി മനസിലാക്കുന്ന ദുൽഖർ എടുത്താൽ പൊങ്ങാത്ത യാതൊന്നും ഇവിടെ ചെയ്യാൻ മെനക്കെട്ടില്ല എന്നതും സിനിമയ്ക്ക് പോസിറ്റീവ് ആയി ഗുണം ചെയ്തു.
സ്ക്രിപ്റ്റ് തന്നെ നായകൻ
സിനിമയുടെ നട്ടെല്ല് അതിന്റെ കെട്ടുറപ്പുള്ള തിരക്കഥ തന്നെ എന്ന കാര്യത്തിൽ തർക്കമില്ല. കാരണം ഓരോ ഡയലോഗ് വരെ കൃത്യമായി കുറിക്ക് കൊള്ളുന്ന വിധത്തിൽ എഴുതാനും അത് മികവുറ്റ രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കാനും സിനിമയുടെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു. ആദ്യ പകുതി പോയത് തന്നെ അറിഞ്ഞില്ല. അതുപോലെ എൻഗേജിങ് ആയ സ്ക്രിപ്റ്റ് ആണ് സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരി. തികച്ചും കയ്യടക്കത്തോടെ എഴുതിയ സ്ക്രിപ്റ്റ് തന്നെയാണ് സിനിമയെ മുഴുവൻ സമയവും താങ്ങി നിർത്തിയത്. അതിന്റെ ഫുൾ ക്രെഡിറ്റ് ഡയറക്ടർക്ക് ഉള്ളതാണ്. വെങ്കി അറ്റലൂരി അതിൽ പൂർണമായും വിജയിച്ചു എന്ന് നിസ്സംശയം പറയാം. അത്തരമൊരു അസാധാരണ സ്ക്രിപ്റ്റ് ആണ് അദ്ദേഹം ലക്കി ബാസ്കറിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇതുപോലെ ഒരു പീക്ക് ലെവൽ എൻഗേജിങ് സ്ക്രിപ്റ്റ് ഈയടുത്ത് ഞാൻ കണ്ടത് മഹാരാജ എന്ന വിജയ് സേതുപതി സിനിമയിൽ മാത്രമാണ്.
കാസ്റ്റിങ് + പെർഫോമൻസ്
ദുൽഖറിന് സപ്പോർട്ട് ആയി വന്നവർ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ആന്റണി എന്ന ക്യാരക്ടർ ചെയ്ത രാംകി എന്ന നടനാണ്. നമ്മുടെ ടിനി ടോം ആണ് അദ്ദേഹത്തിന് വേണ്ടി മലയാളത്തിൽ ഡബ് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും പെർഫോമൻസ് കൊണ്ട് അദ്ദേഹം ദുൽഖറിന് നല്ലൊരു കോംപെറ്റിഷൻ തന്നെ കൊടുത്തു. അതുപോലെ സിനിമയിൽ വന്നു പോകുന്ന ഓരോ ചെറിയ കഥാപാത്രങ്ങൾക്ക് പോലും വ്യക്തമായ സ്‌പേസ് നൽകാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. അത്തരമൊരു കഥാപാത്രം ആയിരുന്നു അച്ഛൻ വേഷം ചെയ്ത നടന്റേത്. ഫസ്റ്റ് ഹാഫിൽ കാര്യമായ പ്രാധാന്യം ഇല്ലാതിരുന്ന ആ കഥാപാത്രം സെക്കന്റ് ഹാഫിൽ നിർണായക റോൾ കൈകാര്യം ചെയ്യുന്നുണ്ട്. അത് ആ നടൻ മികച്ച രീതിയിൽ തന്നെ ചെയ്തു വെച്ചിട്ടുമുണ്ട്. ദുൽഖർ - മീനാക്ഷി കോമ്പിനേഷൻ അസാധ്യം ആയിരുന്നു. അതിപ്പോൾ ദുൽഖറിന് ഏത് നായിക ആയാലും അന്യായ കെമിസ്ട്രി ആയിരിക്കും ഇന്ന് നാം മുമ്പേ കണ്ടിട്ടുള്ളത് ആണല്ലോ. ഇവിടെയും ആ പതിവ് തെറ്റിച്ചില്ല. ഇരുവരും കിടിലൻ ജോഡി ആയിരുന്നു.
ജി വി പി മാജിക്ക്
സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത് തമിഴ് മ്യൂസിക് ഡയറക്ടർ ജി. വി പ്രകാശ് കുമാർ ആണ്. ബിജിഎം സിനിമയ്ക്ക് ഒരു പ്ലസ് തന്നെ ആയിരുന്നു. കാരണം സീനുമായി അത്രയ്ക്ക് സിങ്ക് ചെയ്തു പോകുന്ന ലെവൽ ഐറ്റംസ് ആണ് ജീവിപി സെറ്റ് ചെയ്തു വെച്ചത്. സോങ്‌സും കൊള്ളാമായിരുന്നു.
നിമിഷ് രവിയുടെ വിഷ്വൽ ട്രീറ്റ്
ഒരു പിരിയോഡിക് സിനിമ എങ്ങനെ സെറ്റ് ചെയ്യണം എന്ന് വ്യക്തമായ ധാരണയുള്ള ആളെ തന്നെയാണ് സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത്. കുറുപ്പ്, റോഷക്ക് തുടങ്ങിയ കിടിലൻ വർക്കുകൾക്ക് ശേഷം നിമിഷ് രവിയുടെ മറ്റൊരു കിടിലൻ വർക്ക് എന്ന് പറയാവുന്ന 'ലെവൽ ഓഫ് പണ്ണൽ' തന്നെയാണ് ലക്കി ഭാസ്കർ. മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കും നിമിഷ് രവി.
ടോപ് ക്വാളിറ്റി ഡബ്ബിങ് + ടെക്നിക്കൽ ഡിപ്പാർട്ട്‌മെന്റ്
ഒരു തെലുങ്ക് സിനിമ ആണെന്ന് ഒരിക്കൽ പോലും തോന്നിപ്പിക്കാത്ത തരത്തിലുള്ള ക്വാളിറ്റി ഡബ് ആയിരുന്നു സിനിമയുടേത്. ദുൽഖർ സ്വന്തം ശബ്ദത്തിൽ തന്നെ ഡബ് ചെയ്തപ്പോൾ മറ്റ് കഥാപാത്രങ്ങൾക്ക് വേണ്ടി നമുക്ക് പരിചയമുള്ള ഒരുപാട് പേർ സിനിമയ്ക്ക് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. ടിനി ടോം അതിലെ പ്രമുഖനാണ്.
ബംഗ്ലാൻ ഒരുക്കിയ പിരിയോഡിക് ഡിസൈൻ എടുത്തു പറയേണ്ടത് ആണ്. മുഴച്ചു നിൽക്കുന്ന യാതൊന്നും സിനിമയിൽ നമുക്ക് കാണാൻ കഴിയില്ല. കഥ നടക്കുന്ന കാലഘട്ടത്തിന് അനുയോജ്യമായ തരത്തിലുള്ള നല്ല ക്വാളിറ്റി പ്രൊഡക്ഷൻ ഡിസൈൻ തന്നെയാണ് അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയത്. ഓരോ ഫ്രെയിംസ് കാണുമ്പോഴും അത് കൃത്യമായി മനസ്സിലാകും. അതേപോലെ എഡിറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് കൈകാര്യം ചെയ്‌ത നവീൻ നൂലി, ആർട്ട് ഡിപ്പാർട്ട്‌മെന്റ് ചുമതല വഹിച്ച ദിനേശ് യാദവ്, സൗണ്ട് ഡിസനർ സുരാജ് തുടങ്ങി എല്ലാവരും സിനിമയ്ക്ക് വേണ്ടി നല്ല എഫർട്ട് എടുത്തിട്ടുണ്ട് എന്ന് സിനിമയുടെ ക്വാളിറ്റി കാണുമ്പോൾ അറിയാം. എല്ലാ വിഭാഗങ്ങളും ഒന്നിനൊന്നു മികച്ചത് എന്ന് നിസ്സംശയം പറയാം. അത് തന്നെയാണ് ഒരു ചിത്രത്തിന്റെ വിജയം നിശ്ചയിക്കുന്ന നിർണായകമായ കാര്യം. അത് ഇവിടെ സംഭവിച്ചു.
നെഗറ്റീവ്
യാതൊരു നെഗറ്റീവ് പരായനില്ലാത്ത ഫസ്റ്റ് ഹാഫ് ആണ് സിനിമയ്ക്ക് ഉള്ളത്. കാരണം അത്രയ്ക്ക് എൻഗേജിങ് ആക്കി നിർത്തിക്കൊണ്ടാണ് ഇന്റർവെൽ വരെ സിനിമ സഞ്ചരിക്കുന്നത്. ഇന്റർവെൽ ബ്ലോക്കിൽ ഒരു വെറൈറ്റി പരിപാടി ചെയ്തു വെച്ചിട്ടുണ്ട്. അതൊക്കെ കണ്ട് തന്നെ അറിയണം. അതുപോലെ ടെൻഷൻ ബിൾഡ് ചെയ്തു വരുന്ന സീനുകൾ ഒക്കെ കിടിലൻ ആയി തന്നെ വർക്ക് ഔട്ട് ആയിട്ടുണ്ട്. ഒരു പക്കാ സീറ്റ് എഡ്ജ് എക്സ്പീരിയൻസ് നൽകിയ ഫസ്റ്റ് ഹാഫ് ആയിരുന്നു സിനിമയുടേത്. എന്നാൽ സെക്കന്റ് ഹാഫിൽ ഇടയ്ക്ക് വരുന്ന മെലോ ഡ്രാമ ഐറ്റംസ് സിനിമയുടെ ഒഴുക്കിനെ കുറച്ചു ബാധിക്കുന്നുണ്ട് എങ്കിലും അതൊരു വലിയ നെഗറ്റീവ് ആയി കാണേണ്ട കാര്യമില്ല. ശേഷം വരുന്ന ക്ലൈമാക്സ് ഒക്കെ അന്യായ ഐറ്റം ആണ്. അങ്ങനെയൊരു കിടിലൻ ക്ലൈമാക്സ് ഉള്ളത് കൊണ്ടാണ് സെക്കന്റ് ഹാഫിലെ ആ ഇഴച്ചിൽ എനിക്ക് വലിയൊരു നെഗറ്റീവ് ആയി തോന്നാതിരുന്നത്. ക്ലൈമാക്സ് ഭാഗത്ത് സംവിധായകൻ ചെയ്തു വെച്ചിരിക്കുന്ന ഒരു അഡാർ പരിപാടി, ആ ക്ലൈമാക്സ് തന്നെയാണ് സിനിമയുടെ സേവിങ് ഫാക്ടർ. അവിടെ കൊണ്ടെത്തിക്കുന്ന വരെ സിനിമ കുറച്ചൊന്ന് സ്ലോ ആയെന്നു മാത്രം. എന്നാൽ അതിന് ശേഷം പിന്നീട് അങ്ങോട്ട് നിങ്ങളുടെ കിളി പറക്കുന്ന ലെവൽ ക്ലൈമാക്സ് തന്ന് കയ്യടി നേടാൻ സിനിമയ്ക്ക് കഴിഞ്ഞു.
മറ്റ് നെഗറ്റീവ് ഒന്നും തന്നെ സിനിമയ്ക്ക് ഇല്ല.
ബാക്കി നിങ്ങൾ നേരിട്ട് കണ്ട് തീരുമാനിക്കുക. എന്തായാലും മൊത്തത്തിൽ തിയേറ്ററിൽ കാണാനുള്ള എല്ലാ വകുപ്പുമുള്ള ക്വാളിറ്റി ക്രൈം ത്രില്ലർ തന്നെയാണ് ലക്കി ഭാസ്കർ.
NB:- ഷെയർ മാർക്കറ്റ് ഭീമൻ 'ഹർഷദ് മേത്ത'യുടെ ജീവിതം പ്രമേയമാക്കി സോണി ലീവിൽ വന്ന "SCAM 1992" എന്ന സീരീസ് കണ്ടവരാണ് നിങ്ങൾ എങ്കിൽ ഈ സിനിമ തീർച്ചയായും കാണണം. അതല്ല ആ സീരീസ് നിങ്ങൾ കണ്ടിട്ടില്ല എങ്കിൽ ഈ സിനിമയ്ക്ക് ശേഷം നിങ്ങൾ അത് തപ്പിയെടുത്തു കണ്ടിരിക്കും. രണ്ടിനും സംബന്ധം ഇറുക്ക്...💥🔥👌
സ്‌കാം ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഗംഭീര ക്വാളിറ്റി ഡെലിവർ ചെയ്യുന്ന ഒരുപിടി മികച്ച പെർഫോമൻസ് + ടോപ് ക്വാളിറ്റി ടെക്നിക്കൽ സൈഡ് ഉള്ള തീർച്ചയായും ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തിയേറ്ററിൽ തന്നെ കാണേണ്ട നല്ല ഇടിവെട്ട് ഐറ്റം എന്ന് ഒറ്റവാക്കിൽ പറയാം.
വാൽക്കഷ്ണം:- അപ്പൊ ദുൽഖറും ഒടുവിൽ തിരിച്ചു വന്നു അല്ലെ ബ്രോ...???
ഇല്ല ബ്രോ...
അങ്ങേര് ഇപ്പോഴും പൂർണമായും തിരിച്ചു വന്നിട്ടില്ല. അത് സംഭവിക്കണം എങ്കിൽ ഇതേ പോസിറ്റീവ് വെച്ചുകൊണ്ട് ഒരു മലയാളം പടം വരണം. അപ്പൊ കാണാം ബട്ടർഫ്‌ളൈ എഫക്റ്റ്. അതിന് വേണ്ടിയാണ് ഞാൻ ഉൾപ്പെടെ ഓരോ ദുൽഖർ സൽമാൻ ആരാധകനും കാത്തിരിക്കുന്നത്. ആർഡിഎക്‌സ് ഡയറക്ടർ നഹാസ് ഹിദായത്ത് ഒപ്പം വരുന്ന സിനിമ ഒരുപാട് പ്രതീക്ഷ നൽകുന്നുണ്ട്. എന്തായാലും കാത്തിരുന്നു കാണാം. അത് വരേക്കും നൻട്രി വണക്കം...🙏
#Naaz373 😊
Comments
Post a Comment