Sookshma Darshini (2024) Malayalam Movie Review

 


സൂക്ഷ്‌മദർശിനി (2024)

സംവിധാനം :- M C ജിതിൻ

നസ്രിയ നസീം, ബേസിൽ ജോസഫ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു തിയറ്റർ റിലീസായി വന്ന ചിത്രമാണ് സൂക്ഷ്‌മദർശിനി. റിലീസ് സമയത്ത് തന്നെ സിനിമ കണ്ടതാണ് എങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ കാരണം ആ ടൈമിൽ റിവ്യൂ ഇടാൻ സാധിച്ചില്ല. അതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. 

പ്രിയദർശിനി എന്ന കേന്ദ്ര കഥാപാത്രത്തെയും അവരുടെ കുടുംബം, അയൽക്കാർ, അവർ തമ്മിലുള്ള ബന്ധങ്ങൾ, അവിടേക്ക് പുതുതായി വരുന്ന അയൽക്കാരൻ ആയ ബേസിലിന്റെ മാനുവൽ എന്ന കഥാപാത്രം, അയാളുടെ രോഗബാധിതയായ അമ്മച്ചിയോട് പ്രിയദർശിനിയ്ക്ക് തോന്നുന്ന അടുപ്പം, തുടർന്ന് മാനുവലിന്റെ വീട്ടിൽ നടക്കുന്ന ചില അസാധാരണ സംഭവങ്ങൾ, അതിന്റെ ചുരുൾ അഴിക്കാൻ ശ്രമിക്കുന്ന നസ്രിയയുടെ ക്യാരക്ടർ, അതിലേക്ക് എത്തിച്ചേരുന്ന വഴികൾ, ഇതൊക്കെയാണ് സിനിമയുടെ കഥാ തന്തു. കൂടുതൽ പറഞ്ഞു സിനിമയുടെ ആസ്വാദനം നഷ്ടപ്പെടുത്തുന്നില്ല. 


പോസിറ്റീവ്

കാസ്റ്റിങ്

സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ അഭിനേതാക്കൾ തന്നെയാണ് ഓരോ കഥാപാത്രങ്ങളെയും മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ തന്നെ എടുത്ത് പറയേണ്ട പ്രകടനങ്ങൾ ആയിരുന്നു സിദ്ധാർത്ഥ് ഭരതൻ, ബേസിൽ ജോസഫ് എന്നിവരുടേത്. സെക്കന്റ് ഹാഫിലെ ഇവരുടെ കോമ്പിനേഷൻ സീനുകൾ എല്ലാം കിടിലൻ. അതുപോലെ നസ്രിയയുടെ റോൾ ചിലയിടങ്ങളിൽ കുറച്ചു ഓവർ അല്ലെ എന്ന് തോന്നിപ്പോയി എങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ ഡീസന്റ് പെർഫോമൻസ് ആയിരുന്നു. 

മേക്കിങ് ക്വാളിറ്റി + സ്ക്രിപ്റ്റ്

സിനിമയുടെ തിരക്കഥ തന്നെയാണ് പ്രധാന ഹൈലൈറ്റ്. കിഷ്കിന്ധ കാണ്ഡത്തിന് ശേഷം സ്ക്രിപ്റ്റ് കൊണ്ട് ഞെട്ടിച്ച മറ്റൊരു ചിത്രമാണ് സൂക്ഷ്‌മദർശിനി. അതുൽ - ലിബിൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ചെറിയ ചില കൺ ഫ്യൂഷൻസ് ഉണ്ടെങ്കിൽ പോലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന ലെവൽ ഓഫ് മേക്കിങ് കൊണ്ട് സിനിമ ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. അതിന്റെ ഫുൾ ക്രെഡിറ്റ് ഡയറക്ടർക്ക് ഉള്ളതാണ്. എംസി ജിതിൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കും. 

ക്രിസ്റ്റോ സേവ്യർ ഒരുക്കിയ ബിജിഎം + മ്യൂസിക്

ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം ക്രിസ്റ്റോ ഇവിടെയും ഞെട്ടിച്ചു. ഹോളിവുഡ് ടച്ചുള്ള ബാക്ക്ഗ്രൗണ്ട് സ്കോറുകളും നല്ല ഒരുപിടി പാട്ടുകളും സിനിമയ്ക്ക് പ്ലസ് പോയിന്റ് ആണ്. ഇന്റർവെൽ ഭാഗത്തെ ബിജിഎം ഒക്കെ നോ രക്ഷ. എടുത്ത് പറയേണ്ട വർക്ക് തന്നെയാണ് ക്രിസ്റ്റോ സൂക്ഷ്മദർശിനിയിൽ ചെയ്തു വെച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ ശിഷ്യൻ കൂടിയാണ് ക്രിസ്റ്റോ. 


നെഗറ്റീവ്

പ്രത്യേകിച്ച് വലിയ കുറ്റങ്ങൾ ഒന്നും പറയാനില്ല എങ്കിലും നസ്രിയയുടെ ക്യാരക്ടർ ചിലപ്പോഴൊക്കെ കുറച്ച് ഓവർ ആണെന്ന് തോന്നിപ്പോയി. അന്യരുടെ വീട്ടിലേക്കും, സ്വകാര്യതയിലേക്കും അനാവശ്യമായി എത്തി നോക്കുന്നവരെ ഗ്ലോറിഫൈ ചെയ്യുന്നത് പോലെയാണ് പലയിടത്തും ആ കഥാപാത്രം അനുഭവപ്പെട്ടത്. അഭിപ്രായം തികച്ചും വ്യക്തിപരം മാത്രം. ബാക്കി നിങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുക.

എന്റെ അഭിപ്രായം

ആകെ മൊത്തത്തിൽ ഒരു തവണ തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാവുന്ന ഒരു തരക്കേടില്ലാത്ത ത്രില്ലറാണ് സൂക്ഷ്മദർശിനി. നമ്മുടെ അയൽപക്കത്തെ കഥ പോലെയാണ് സിനിമ എനിക്ക് ഫീൽ ചെയ്തത്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് എന്തായാലും സിനിമ ഇഷ്ടപ്പെടും. 

#Naaz373 😊

Comments