VIDAAMUYARCHI (2025) TAMIL MOVIE REVIEW

 


Vidaamuyarchi (2025)

A Film by Magizh Thirumeni


ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം, എന്നാൽ പല കാരണങ്ങൾ കൊണ്ട് വളരെ വൈകിയാണ് സിനിമ കാണാൻ സാധിച്ചത്. നീട്ടിവലിച്ചു ഒരു എഴുത്തിന്റെ ആവശ്യം ഇപ്പോൾ ഇല്ലാത്തത് കൊണ്ട് എനിക്ക് സിനിമയെ കുറിച്ച് ഫീൽ ചെയ്‌ത ചില കാര്യങ്ങൾ മാത്രം പറഞ്ഞു കൊണ്ട് ഈ പോസ്റ്റ് ഞാൻ ചുരുക്കുന്നു.

കഴിഞ്ഞ വർഷം, കൃത്യമായി പറഞ്ഞാൽ 2024ൽ തമിഴിൽ പുറത്തിറങ്ങിയ പല സൂപ്പർസ്റ്റാർ സിനിമകളുടെയും അവസ്ഥ എന്തായിരുന്നു എന്ന് എല്ലാവർക്കും അറിയാം. ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിന്റെ സിനിമ മുതൽ ഒരു കം ബാക്കിനായി കിണഞ്ഞു ശ്രമിക്കുന്ന സുര്യ അണ്ണന്റെ സിനിമ വരെ കോളിവുഡിൽ സൃഷ്ടിച്ച 'ഭൂകമ്പങ്ങൾ' നാം കണ്ടതാണ്. അപ്പോഴും അജിത് കുമാർ എന്ന നടന്റെ ചിത്രം മാത്രം പലവിധ കാരണങ്ങൾ കൊണ്ട് കഴിഞ്ഞ വർഷം റീലീസായില്ല. ഭാഗ്യമോ നിർഭാഗ്യമോ ഇക്കൊല്ലത്തെ ആദ്യ തമിഴ് സൂപ്പർ സ്റ്റാർ സിനിമ അയാളുടേത് ആയിരുന്നു. അതും ആരാധകർ ഉൾപ്പെടെ എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ. 'തടം' എന്ന ഒറ്റ ചിത്രം മതി മഗിഴ് തിരുമേനി എന്ന ഡയറക്ടറുടെ സ്‌കിൽ എന്താണെന്ന് അറിയാൻ. ഒപ്പം തന്നെ 'ബ്രേക്ക് ഡൗൺ' എന്ന പഴയൊരു ഹോളിവുഡ് ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൂടി ഇറങ്ങുന്ന സിനിമ എന്ന നിലയിലും വിടാമുയർച്ചി സിനിമാ പ്രേമികൾക്ക് ഇടയിൽ ചർച്ചാ വിഷയം ആയിരുന്നു. 


സിനിമയിലേക്ക്...

പറയത്തക്ക പുതുമയുള്ള കഥയോ, കഥാ പശ്ചാത്തലമോ ഒന്നുമില്ലെങ്കിൽ പോലും സിനിമ അതിന്റെ മേക്കിങ് പാറ്റേൺ കൊണ്ട് എന്നെ എൻഗേജ് ചെയ്യിപ്പിച്ചു. ബ്രേക്ക് ഡൗൺ കണ്ടിട്ടുള്ളവർക്ക് ഈ സിനിമ എത്രത്തോളം ഇഷ്ടപ്പെടും എന്ന് എനിക്കറിയില്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം സിനിമ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ചില പ്രമുഖ നടന്റെ ഫാൻസ് സിനിമയ്ക്ക് എതിരെ നടത്തുന്ന സ്ഥിരം പരാക്രമം കൊണ്ട് റിലീസ് ദിവസം മുതൽ നല്ല രീതിയിൽ ഡീ ഗ്രേഡിങ് നടക്കുന്നത് സോഷ്യൽ മീഡിയ ശ്രദ്ധിച്ചാൽ ഏതൊരാൾക്കും മനസിലാവും. തങ്ങളുടെ നടനെ കൊണ്ട് നടക്കാത്ത പല കാര്യങ്ങളും മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോൾ ആർക്കായാലും അസ്വസ്ഥത തോന്നുന്നത് തികച്ചും സ്വാഭാവികം മാത്രം. അത് ഒരു സൈഡിൽ കൂടി അവർ ചെയ്തോട്ടെ. ഹോം സ്റ്റേറ്റ് ആയ തമിഴ്നാട് സിനിമ നന്നായി കളക്റ്റ് ചെയ്യുന്നുണ്ട്. 

അജിത് കുമാർ എന്ന നടന്റെ മുൻ ചിത്രങ്ങൾ വെച്ചു നോക്കിയാലും, അതല്ല കഴിഞ്ഞ വർഷം റിലീസായ പല സൂപ്പർ താര ചിത്രങ്ങൾ വെച്ചു കമ്പയർ ചെയ്താലും എന്തുകൊണ്ടും മികച്ച സിനിമ തന്നെയാണ് വിടാമുയർച്ചി എന്ന് ഫാനിസം ബാധിക്കാത്തവർക്ക് മനസിലാകും. അല്ലാതെ മലങ്കൾട്ട് ലെവൽ പോലും ഉപമിക്കാൻ കഴിയാത്ത പല പ്രമുഖരുടെയും ചിത്രങ്ങൾ വെച്ചു നോക്കിയാൽ ഗംഭീര സിനിമ എന്ന് അവർക്ക് തന്നെ സമ്മതിച്ചു തരേണ്ടി വരും. അങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്നത് വേറെ കാര്യം. എന്തായാലും എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന സിനിമാനുഭവം തന്നെയായിരുന്നു വിടാമുയർച്ചി. പൂർണമായും അസർബൈജാൻ എന്ന രാജ്യത്ത് ചിത്രീകരിച്ച സിനിമ എന്തുകൊണ്ടും തിയേറ്റർ വാച്ച് ഡിമാന്റ് ചെയ്യുന്ന ചിത്രം കൂടിയാണ്. അജിത് എന്ന നടൻ തന്റെ ഓരോ സിനിമയ്ക്ക് വേണ്ടി എടുക്കുന്ന എഫർട്ട് അദ്ദേഹത്തിന്റെ സിനിമകൾ ഫോളോ ചെയ്യുന്നവർക്ക് അറിയാം. ഈ സിനിമയിലും പല രംഗങ്ങളിലും ആ 'വിടാമുയർച്ചി' കാണാം. മാസ്സ് ഹീറോ പരിവേഷങ്ങൾ ഒന്നുമില്ലാത്ത അജിത് എന്ന നടന്റെ പെർഫോമൻസ് ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ചിത്രം കൂടിയാണ് ഈ സിനിമ എന്ന് നിസ്സംശയം പറയാം. അന്ധമായ ഫാനിസം കൊണ്ട് നല്ല സിനിമകളെ നശിപ്പിക്കരുത് എന്ന് മാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു. 

#Naaz373 😊

Comments