L2 - EMPURAAN (2025)
A PRITHVIRAJ SUKUMARAN FILM
അങ്ങനെ വളരെ കാലത്തെ പ്രതീക്ഷകൾക്കും കാത്തിരിപ്പിനും ഒടുവിൽ ലൂസിഫർ ഫ്രാഞ്ചൈസി യിലെ രണ്ടാം ഭാഗം എമ്പുരാൻ ഇന്ന് തിയേറ്ററിൽ റിലീസ് ചെയ്തു. ലാലേട്ടൻ ഫാൻസിനേക്കൾ ആകാംക്ഷയോടെയാണ് ഞാൻ സിനിമ കാണാൻ പോയത്.
ലൂസിഫർ എന്ന സിനിമ സെറ്റ് ചെയ്തു വെച്ച ഒരു ബെഞ്ച് മാർക്ക് ഉണ്ട്. ആറ് വർഷം മുമ്പ് ആ ചിത്രം കണ്ട് ഇറങ്ങുമ്പോൾ മലയാളിക്ക് കിട്ടിയ ഒരു കിക്ക്. അതിൻ്റെ പേരിൽ മാത്രമാണ് ഇന്ന് ഈ ദിവസം വരെ അവർ കാത്തിരുന്നത്. ഒന്നുകിൽ ലൂസിഫർ പോലൊരു കിടിലൻ ഐറ്റം, അല്ലെങ്കിൽ അതിനുമപ്പുറം വരുന്ന ഒരു ഗംഭീര സംഭവം. ഇത് രണ്ടും അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കില്ല. സിനിമ ആ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നോ എന്ന് വഴിയെ പറയാം.
ലൂസിഫർ എവിടെയാണോ നിർത്തിയത് അവിടെ നിന്നും എമ്പുരാൻ തുടങ്ങി വെക്കുമ്പോൾ 'ഖുറേഷി അബ്രാം' എന്ന അധോലോക നായകൻ്റെ കഥയും ഒപ്പം അയാളുടെ കൂട്ടാളിയായ 'സയിദ് മസൂദ്' എന്ന പടത്തലവൻ്റെ പിന്നാമ്പുറ കഥകൾ കൂടി എമ്പുരാനിൽ ചുരുളഴിയുന്നു. കഥയിലേക്ക് കൂടുതലായി കടന്ന് നിങ്ങളുടെ ആസ്വാദനത്തിന് മങ്ങലേൽപ്പിക്കുന്നില്ല.
പോസിറ്റീവ്
ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ
അതേ, അങ്ങനെ പറഞ്ഞാലും ഒട്ടും അതിശയോക്തി ആവില്ല. ആ മനുഷ്യൻ്റെ ചരിഞ്ഞ തോളിൽ ആണ് ഈ സിനിമ താങ്ങി നിർത്തിയിരിക്കുന്നത്. ഖുറേഷി ആയി വന്നതിനേക്കൾ കൂടുതൽ കയ്യടി സ്റ്റീഫൻ ആയി വന്നപ്പോൾ കിട്ടി. കാരണം ലൂസിഫർ സ്റ്റീഫൻ്റെ സിനിമയായിരുന്നു. കറുത്ത ജാക്കറ്റും കൂളിംഗ് ഗ്ലാസും ഹെലികോപ്റ്ററും ഒക്കെയായി വരുന്ന ഖുറേഷിയ്ക്ക് പക്ഷെ സ്റ്റീഫൻ്റെ നിഴൽ ആകാനെ കഴിഞ്ഞുള്ളൂ. അതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സെക്കൻ്റ് ഹാഫിലെ ജംഗിൾ ഫൈറ്റ് സീൻ. തിയറ്റർ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പ് ആയി മാറിയ നിമിഷം. എന്നാൽ സിനിമ ത്രൂ ഔട്ട് ആ കൺസിസ്റ്റൻസി കൊണ്ട് വരാൻ കഴിഞ്ഞില്ല.
മുരളി ഗോപിയുടെ കുറിക്ക് കൊള്ളുന്ന എഴുത്ത്
സിനിമയുടെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാം. ആദ്യ ഭാഗത്തിനൊപ്പം ഇല്ലെങ്കിൽ പോലും ഇവിടെയും തൻ്റെ രാഷ്ട്രീയം തുറന്നടിച്ചു പറയാൻ മുരളി ഗോപി കാണിച്ച ധൈര്യം കയ്യടി അർഹിക്കുന്നു. കമ്യൂണിസ്റ്റ്, കോൺഗ്രസ്, സംഘ പരിവാർ ചട്ടുകം ആയി മാറാതെ എല്ലാവരെയും നിശിതമായി വിമർശിക്കുന്ന തരത്തിലുള്ള എഴുത്ത് ഇവിടെയും പ്രകടമായിരുന്നു.
പ്രകടന മികവുകൾ
സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടൻ, കബൂഗ എന്ന വില്ലൻ കഥാപാത്രം ചെയ്ത നടൻ തുടങ്ങി ഒരുപിടി പുതിയ മുഖങ്ങളും എമ്പുരാനിൽ കാണാം. എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തു. അതോടൊപ്പം ബോബി ആയി വന്ന വിവേക് ഒബ്രോയ്, അലോഷി ആയി വന്ന ഷാജോൺ തുടങ്ങിയവരെ നന്നായി മിസ്സ് ചെയ്തു.
പൃഥ്വിരാജിൻ്റെ മേക്കിങ് ക്വാളിറ്റി
സിനിമ കാണുന്നതിനിടയ്ക്ക് ചിലപ്പോഴൊക്കെ ഞാൻ കാണുന്നത് ഒരു മലയാള സിനിമ തന്നെ ആണോയെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പൃഥ്വി ചിത്രം ഒരുക്കി വെച്ചിരിക്കുന്നത്. എന്നാലോ ചില സീനുകൾ തട്ടിക്കൂട്ട് പോലെയും ഫീൽ ചെയ്തു. അത് നെഗറ്റീവ് പറയാം. മൊത്തത്തിൽ ഒരു ഹോളിവുഡ് മൂഡ് കൊണ്ട് വരാൻ സിനിമയ്ക്ക് കഴിഞ്ഞു.
ടോപ് ക്വാളിറ്റി ടെക്നിക്കൽ ഡിപ്പാർട്ട്മെൻ്റ്
വിഎഫ്എക്സ് ഡിപ്പാർട്ട്മെൻ്റ്, ആക്ഷൻ കൊറിയോഗ്രഫി, കളർ ഗ്രേഡിംഗ് ടീം ഇവരൊക്കെ പ്രശംസ അർഹിക്കുന്നു. മ്യൂസിക് ഡിപ്പാർട്ട്മെൻ്റ് പ്രതീക്ഷയ്ക്ക് ഒത്തുയർന്നില്ല.
നെഗറ്റീവ്
സിനിമയ്ക്ക് യാതൊരു ഗുണവും ചെയ്യാത്ത കുറെ കഥാപാത്രങ്ങൾ
അതിൽ ആദ്യം പറയേണ്ട പേര് സിനിമയുടെ നിർമാതാവ് കൂടിയായ ആൻ്റണി പെരുമ്പാവൂർ ആണ്. ലൂസിഫറിൽ വെറുതെ വന്ന് പോയപ്പോൾ ഇവിടെ ഡയലോഗ് ഒക്കെ കൊടുത്ത് ഒരു ക്യാരക്ടർ തന്നെ സെറ്റ് ചെയ്തു കുളമാക്കി വെച്ചിരിക്കുന്നു. സിനിമയുടെ ടോട്ടൽ മൂഡ് തന്നെ നശിപ്പിച്ചു കളഞ്ഞു. തിയേറ്ററിൽ കൂട്ടച്ചിരി മുഴങ്ങി ഇമ്മാതിരി കോമാളിത്തരം കണ്ടിട്ട്. അതേപോലെ NPTV ഹെഡ് ആയ നൈല ഉഷയും ഭർത്താവിൻ്റെ റോൾ ചെയ്ത നടനും യാതൊരു ആവശ്യവുമില്ലത്ത രണ്ട് കഥാപാത്രങ്ങൾ ആയിരുന്നു. പറയാൻ ആണെങ്കിൽ ഇനിയും ഒരുപാട് പേരുണ്ട്. സ്‌പോയിലർ ആകുമെന്നത് കൊണ്ട് മാത്രം പറയുന്നില്ല. സംവിധായകൻ്റെ അശ്രദ്ധ എന്നെ ഇതിനെ പറയാനാവൂ.
ദീപക് ദേവിൻ്റെ സംഗീതം
ലൂസിഫർ ചെയ്തു വെച്ചയാൾ ഇവിടെ വന്നപ്പോൾ തൻ്റെ തന്നെ പഴയ ബിജീഎം പൊടിതട്ടി എടുത്ത് കൊണ്ട് വന്നത് പോലെയാണ് തോന്നിയത്. സിനിമയ്ക്ക് യാതൊരു ഇംപാക്ട് ഉണ്ടാക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. തീർത്തും നിരാശപ്പെടുത്തിയ മ്യൂസിക് ഡിപ്പാർട്ട്മെൻ്റ്. നല്ലൊരു സോങ് പോലുമില്ല. മാസ്സ് സീനുകൾ എലിവേറ്റ് ചെയ്യുന്നതിൽ മ്യൂസിക് ഡിപ്പാർട്ട്മെൻ്റ് പരാജയപ്പെട്ടു എന്ന് നിസംശയം പറയാം.
തട്ടിക്കൂട്ട് ലെവൽ ക്ലൈമാക്സ്
ലൂസിഫർ സിനിമയുടെ പീക്ക് മൊമൻ്റ് അതിൻ്റെ എൻഡിങ് ആയിരുന്നു. എന്നാൽ ഇവിടെ യാതൊരു വികാരവും തോന്നാത്ത തരത്തിൽ ഒരു ക്ലൈമാക്സും അതിന് ശേഷമുള്ള ടെയ്ൽ എൻഡ് ഒക്കെ തീർത്തും നിരാശപ്പെടുത്തിയ അവസ്ഥ ആയിരുന്നു.
L3 വേണ്ടി ഞാൻ എന്തായാലും കാത്തിരിക്കുന്നില്ല. അത് ഇന്നത്തോടെ നിർത്തി. സത്യത്തിൽ സിനിമ ഇനി എന്ത് പറയാനാണ്...??? മൂന്നാം ഭാഗത്തിൻ്റെ ആവശ്യം എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മനസിലയവർ കമൻ്റ് ചെയ്യൂ...
ആകെ മൊത്തം ടോട്ടൽ എമ്പുരാൻ എനിക്ക് ഒരു തവണ തിയറ്ററിൽ പോയി കണ്ട് എൻജോയ് ചെയ്തു മറക്കാവുന്ന ഒരു ശരാശരി സിനിമ എന്നതിനപ്പുറം യാതൊന്നും ഫീൽ ചെയ്യിപ്പിക്കാത്ത 'ഒരു ചെറിയ പടം.'
#Naaz373 😊
Yes, it's an average movie
ReplyDeleteThanks for your opinion
Delete