Vaazhai (2024)
A Film by Mari Selvaraj
Based on A True Story
എന്റെ ഇഷ്ട സംവിധായകരിൽ ഒരാളാണ് മാരി സെൽവരാജ്. തന്റെ സിനിമകളിലൂടെ അയാൾ പറയുന്ന രാഷ്ട്രീയം കൊണ്ട് ആയിരുന്നു ഇദ്ദേഹത്തിന്റെ സിനിമകളോട് എനിക്ക് ഇഷ്ടം തോന്നിയത്. എന്നാൽ "മാമന്നൻ" എന്ന സിനിമ നല്ലതാണ് എങ്കിൽ കൂടിയും അതിലെ രാഷ്ട്രീയം എനിക്ക് അത്ര കണ്ട് വർക്ക് ആയിരുന്നില്ല. അതുകൊണ്ട് തന്നെയാണ് അതിന് ശേഷം വന്ന ഈ സിനിമ ഞാൻ ഇത്രനാളും കാണാതിരുന്നത്.
എന്നാൽ ഇന്ന് റിലീസായ "ബൈസൺ" മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ ഓടുമ്പോൾ, ആ സിനിമ കാണുന്നതിന് മുമ്പ് അവസാനം വന്ന ഈ പടം ഒന്ന് കണ്ടിട്ട് പോകാം എന്ന് വിചാരിച്ചു വെറുതെ ഡൗൺലോഡ് ചെയ്തു കണ്ട് നോക്കിയതാ...🥵
എനിക്ക് എന്തിൻ്റെ കേടായിരുന്നു...🙏
സിനിമ മോശം ആയത് കൊണ്ടല്ല ഞാൻ ഇങ്ങനെ പറഞ്ഞത്. മറിച്ച് സിനിമ കണ്ട് കഴിഞ്ഞു എന്റെ ഉള്ള മനസമാധാനം കൂടി പോയത് കൊണ്ട് ഞാൻ അറിയാതെ പറഞ്ഞു പോയതാണ്...
"പരിയേറും പെരുമാൾ" നു ശേഷം എന്നെ ഇത്രയേറെ വേട്ടയാടിയ മറ്റൊരു മാരി സെൽവരാജ് സിനിമയില്ല, മാത്രമല്ല അതിനോടൊപ്പം തന്നെ ചേർത്ത് പറയാവുന്ന മറ്റൊരു ഗംഭീര ചിത്രം കൂടിയാണ് "വാഴൈ".
പെർഫോമൻസിനെ കുറിച്ചൊന്നും ഒന്നും പറയാനില്ല. ആ രണ്ട് പിള്ളേർ ഒക്കെ ശരിക്കും ജീവിക്കുകയായിരുന്നു. അതുപോലെ തന്നെ ബാക്കിയുള്ള സീനിയർ താരങ്ങൾ മുതൽ ജൂനിയർ ആർട്ടീസ്റ്റുകൾ വരെ ഗംഭീര പ്രകടനം ആയിരുന്നു.
തേനി ഈശ്വറിന്റെ ഉള്ളുലയ്ക്കുന്ന ഫ്രേയിമുകൾ, സന്തോഷ് നാരായണന്റെ മനസ്സിൽ തൊടുന്ന സംഗീതം, മികച്ച എഡിറ്റിങ്, അങ്ങനെ എല്ലാം കൊണ്ടും മികവാർന്ന ചിത്രം.
ഒരു പോയിന്റിൽ സിനിമയും ജീവിതവും ഒന്നാകുന്ന അതിഗംഭീര കാഴ്ച നിങ്ങൾക്ക് അനുഭവിച്ചറിയാം. പഴയ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർക്ക് സിനിമ കൂടുതൽ റിലേറ്റബിൾ ആകും. പച്ചയായ മനുഷ്യനെയും അവന്റെ ജീവിതം, അവന്റെ ചെറിയ ലോകവും, ശക്തമായി വരച്ചിടാൻ സംവിധായകന് കഴിഞ്ഞു. അത് ചിലപ്പോൾ അയാൾക്ക് മാത്രം സാധിക്കുന്ന കാര്യമായിരിക്കാം. കാരണം നാം ഈ സിനിമയിൽ കണ്ടറിയുന്നത് എല്ലാം അയാൾ തന്റെ ജീവിതം കൊണ്ട് അനുഭവിച്ചറിഞ്ഞതാണ്. അതാണ് ഈ സിനിമയ്ക്ക് ഒരു ലൈഫ് ഉണ്ടെന്ന് ഞാൻ പറയാനുള്ള കാര്യം.
ഇതുവരെ കാണാത്തവർ ഉണ്ടെങ്കിൽ സിനിമയുടെ ട്രയ്ലർ പോലും കാണാതെ പോയി കണ്ടോളൂ...
ഒരിക്കൽ കണ്ടാൽ പിന്നൊരിക്കലും നിങ്ങൾ ഈ സിനിമ മറക്കില്ല, വീണ്ടുമൊരു തവണ കൂടി കാണാനും ആവില്ല...💎👌
#Naaz373 😊

Comments
Post a Comment