DHURANDHAR (2025) HINDI MOVIE REVIEW

 


DHURANDHAR (2025)

A FILM BY ADITYA DHAR


ഹിന്ദി സിനിമകൾ പൊതുവെ ഞാൻ കാണുന്നത് വളരെ കുറവാണ്. ഒടുവിൽ തിയേറ്ററിൽ പോയി കണ്ടത് അനിമൽ ആണ്. എന്നാൽ ഈ സിനിമ കാണാൻ താൽപ്പര്യം തോന്നിയിരുന്നു. അതിന് പ്രധാന കാരണം സിനിമയുടെ ട്രെയിലർ ആയിരുന്നു. രൺവീർ സിങ്, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സാറ അർജുൻ, മാധവൻ തുടങ്ങിയ വലിയൊരു താരനിര തന്നെയാണ് സിനിമയിലുള്ളത്. ട്രെയിലർ നിന്ന് ഇത് ഒരു സ്പൈ യൂണിവേഴ്സ് സിനിമ ആണെന്ന് പിടികിട്ടി. ബോളിവുഡ് സ്ഥിരം ബോംബ് സിനിമ ആകുമോ എന്നൊരു ആശങ്കയും എനിക്ക് തോന്നിയിരുന്നു. എന്നാൽ ഇന്ന് സിനിമ കണ്ടതിന് ശേഷം അതെല്ലാം തെറ്റായിരുന്നു എന്ന് തോന്നി. തിയേറ്ററിൽ കണ്ടില്ലായിരുന്നു എങ്കിൽ വൻ നഷ്ടം ആയേനെ എന്നും തോന്നി. 

ഇന്ത്യ - പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ, സാമൂഹിക അന്തരീക്ഷം എല്ലാം വളരെ മികച്ച രീതിയിൽ സിനിമ വരച്ചു കാട്ടുന്നുണ്ട്. അത് ഒരു തരത്തിൽ പക്കാ പ്രപോഗണ്ട സിനിമയുടെ സ്വഭാവത്തിലേക്ക് പോകാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ട് പോലും എനിക്ക് അങ്ങനെ ഫീൽ ചെയ്തില്ല. അത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയാം. 

ചരിത്രം വളച്ചൊടിച്ച് കഥകൾ മെനയുന്ന ഇന്നത്തെ കാലത്ത് ചരിത്രം അതേപടി യാതൊരു വെള്ളവും ചേർക്കാതെ പറയാൻ എല്ലാവർക്കും കഴിയില്ല. ആദിത്യ ധർ എന്ന സംവിധായകൻ്റെ ക്രാഫ്റ്റ് അവിടെയാണ് നാം കാണുന്നത്. പൊളിറ്റിക്കൽ അജണ്ട വെച്ചുകൊണ്ട് കാര്യങ്ങളെ ഏകപക്ഷീയമായി വിലയിരുത്തുന്നതിന് പകരം അതിൻ്റെ കാരണം കണ്ടെത്തി അതിനെ അഡ്രസ് ചെയ്യാനാണ് സിനിമ ശ്രമിക്കുന്നത്. 

പോസിറ്റീവ് 

ആദിത്യ ധർ കയ്യടക്കമുള്ള സംവിധായകൻ ❤‍🔥

വെറുമൊരു മാസ്സ് മസാല സിനിമ എന്ന ലേബലിൽ ഒതുക്കാതെ അതിനുമപ്പുറം യഥാർത്ഥ സംഭവങ്ങളെ കൂടി സിനിമയിൽ ഉൾപ്പെടുത്തി അതിൻ്റെ പ്രാധാന്യം ചോർന്ന് പോകാതെയുള്ള ഗംഭീര കഥ പറച്ചിൽ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ആയി എനിക്ക് തോന്നിയത്. അതിൽ പാർലമെൻ്റ് ആക്രമണവും, മുംബൈ ഭീകരാക്രമണവും എല്ലാം സ്ക്രീനിൽ കാണാം. അത് മാത്രമല്ല ആ സംഭവങ്ങളുടെ ഇരുണ്ട വശങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിൻ്റെ ഭാഗമായി ചില വോയിസ് റെക്കോർഡിങ്‌സ് സിനിമയിൽ ഒരു ഭാഗത്ത് വരുന്നുണ്ട്. എനിക്ക് ഏറ്റവും ഡിസ്റ്റർബിങ് ആയി തോന്നിയ ഒരു പോർഷൻ ആയിരുന്നു അത്. കൊടൂര വയലൻസ് രംഗങ്ങൾ പോലും എനിക്ക് അത്രയ്ക്ക് ട്രോമ നൽകിയില്ല. പക്ഷെ മുംബൈ സ്ഫോടനം അതിന് പിന്നിലെ നമുക്കറിയാത്ത കാര്യങ്ങളും സിനിമ തുറന്ന് പറയുന്നുണ്ട്. അത് പറയാൻ കാണിച്ച ചങ്കൂറ്റം ചെറുതല്ല. ഗംഭീര അവതരണ മികവ് കൊണ്ട് കൂടിയാണ് അതൊക്കെ ഇംപാക്ട് ഉള്ളതായി കാണുന്ന പ്രേക്ഷകർക്ക് ഫീൽ ചെയ്യുന്നത്. 

കാസ്റ്റിങ് ക്വാളിറ്റി + പീക്ക് പെർഫോമൻസുകൾ 🔥

വന്നവരും നിന്നവരും ഉൾപ്പെടെ എല്ലാവരും ഗംഭീര പ്രകടനം കാഴ്ച വെച്ചു. അതിൽ തന്നെ എടുത്ത് പറയേണ്ട ചില പ്രകടനങ്ങൾ ഉണ്ട്. അതിൽ ഏറ്റവും ആദ്യത്തെയാണ് അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്മാൻ ഡെകേത് എന്ന നെഗറ്റീവ് ക്യാരക്ടർ. നായകനെ വരെ സൈഡ് ആക്കി കൊണ്ടുള്ള പവർഫുൾ പെർഫോമൻസ്. 90s കിഡ്സ് ആയിരിക്കും അക്ഷയ് ഖന്നയെ സ്ക്രീനിൽ കണ്ട് കൂടുതൽ പരിചയമുള്ളത്. ആ മനുഷ്യൻ ക്രിയേറ്റ് ചെയ്യുന്ന ഒരു ഓറയുണ്ട്, അതിഗംഭീരം എന്നല്ലാതെ മറ്റൊന്നും അതിനെ കുറിച്ച് പറയാനില്ല. അതുപോലെ സഞ്ജയ് ദത്ത് അവതരിപ്പിച്ച SP ചൗധരി അസ്‌ലം, മാധവൻ്റെ അജയ് സന്യാൽ എന്ന ഐബി ചീഫ്, ബിമൽ ഒബ്രോയ് ചെയ്ത ക്യാരക്ടർ അങ്ങനെ കുറെ മികച്ച പ്രകടനങ്ങൾ സിനിമയിലുണ്ട്. അതിനെയെല്ലാം ഒരുപോലെ സ്ക്രീനിൽ കൊണ്ടുവരാൻ സംവിധായകൻ കഴിഞ്ഞു. 

ടോപ് ക്വാളിറ്റി മേക്കിങ് + ടെക്നിക്കൽ ടീം ❤‍🔥👌

മൂന്നര മണിക്കൂർ ലെങ്ത് ഉള്ള സിനിമയുടെ ഒരൊറ്റ സെക്കൻ്റ് പോലും ലാഗ് അടിക്കാതെ ഒരേ ഗ്രാഫിൽ കൊണ്ട് പോകുന്നത് നിസ്സാര കാര്യമല്ല. അത് സിനിമയുടെ ഗ്രിപ്പിങ് ആയിട്ടുള്ള മേക്കിങ് ക്വാളിറ്റി കൊണ്ടാണ്. അതിന് വേണ്ടി പണിയെടുത്ത പ്രൊഡക്ഷൻ ടീം, ആർട്ട് ഡിപ്പാർട്ട്മെൻ്റ്, കാസ്റ്റിംഗ് ടീം, മേക്കപ്പ് ഡിപ്പാർട്ട്മെൻ്റ്, തുടങ്ങി ആക്ഷൻ കൊറിയോഗ്രാഫി ചെയ്തവർ വരെ കയ്യടി അർഹിക്കുന്നുണ്ട്. എല്ലാം ഒത്തൊരുമിച്ച് വന്നാൽ മാത്രമേ ഇത്രയും ലെങ്ത് ഉളള സിനിമ പൂർണമായി പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കൂ. അതിൻ്റെ ഫുൾ ക്രെഡിറ്റ് സിനിമയുടെ ടെക്നിക്കൽ ടീമിനുള്ളതാണ്. 

ശാശ്വത് സച്ച്ദേവ് ഒരുക്കിയ ഗംഭീര സോങ്സ് & സ്കോർ 💥 

സിനിമയുടെ മൈലേജ് കൂട്ടുന്നതിൽ ഏറ്റവും നിർണായകമായ പങ്ക് വഹിച്ചത് അതിൻ്റെ മ്യൂസിക് & ബാക്ക്ഗ്രൗണ്ട് സ്കോർ കൊണ്ട് തന്നെയാണ്. അത്രയ്ക്ക് കിടിലൻ വർക്ക്. ഓരോ സീനുകളും BGM കൊണ്ട് എലിവേറ്റ് ചെയ്യുന്ന രീതിയൊക്കെ ഗംഭീരമായിരുന്നു. പാട്ടുകളും നന്നായിരുന്നു.

നെഗറ്റീവ് 

അങ്ങനെ എടുത്ത് പറയാനും മാത്രം കുറവുകൾ ഒന്നും എനിക്ക് തോന്നിയില്ല. അതൊന്നും ശ്രദ്ധിക്കാൻ സാധിക്കാത്ത വിധത്തിൽ ആണ് സിനിമയുടെ പേസിംഗ്. പിന്നെ വേണമെങ്കിൽ ഒരു നെഗറ്റീവ് ആയി നായികയെ പറയാം. സിനിമയിൽ തന്നെ പറയുന്ന ഒരു കാര്യമുണ്ട്. 19 വയസ്സുള്ള നായികയും 30 വയസ്സുള്ള നായകനും. അവർ തമ്മിലുള്ള റൊമാൻസ് പരിപാടികൾ ഒക്കെ ചിലപ്പോ ചിലർക്ക് ക്രിഞ്ച് ആയി തോന്നിയേക്കാം. അത് കുറച്ച് കട്ട് ചെയ്തു ഒഴിവാക്കിയിരുന്നു എങ്കിൽ കുറേക്കൂടി സിനിമ ഷോർട്ട് ആയേനെ എന്ന് തോന്നിയിരുന്നു. അതല്ലാതെ യാതൊരു നെഗറ്റീവ് എനിക്ക് തോന്നിയില്ല. 

എൻ്റെ അഭിപ്രായം 

അനിമൽ ന് ശേഷം കണ്ട മറ്റൊരു കിടിലൻ മാസ്സ് ആക്ഷൻ ത്രില്ലറാണ് ദുരന്തർ. സിനിമയുടെ രണ്ടാം ഭാഗം മാർച്ചിൽ വരുന്നുണ്ട്. അത് എന്തായാലും ഫസ്റ്റ് ഡേ തന്നെ പോയി കാണണം എന്ന് തീരുമാനിച്ചു കഴിഞ്ഞു. ബോളിവുഡിൽ ഇത്തരം ക്വാളിറ്റി ഐറ്റംസ് വല്ലപ്പോഴും മാത്രമാണ് സംഭവിക്കുന്നത്. അപ്പോൾ നമ്മൾ അതിനെ സപ്പോർട്ട് ചെയ്യുക. എന്നാൽ അല്ലെ ഇനിയും അത്തരം ക്വാളിറ്റി സിനിമകൾ അവിടെ നിന്ന് വരികയുള്ളൂ. അതുകൊണ്ട് തന്നെ ദുരന്തർ തീർച്ചയായും ഒരു ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച മികച്ച ചിത്രം തന്നെയാണ്. നല്ലൊരു സൗണ്ട് + വിഷ്വൽ ക്വാളിറ്റിയുള്ള തിയേറ്ററിൽ തന്നെ പോയി കാണുക. 

#Naaz373 😊


Comments