FEMINICHI FATHIMA (2025) MALAYALAM MOVIE REVIEW

 


ഫെമിനിച്ചി ഫാത്തിമ (2025)

സംവിധാനം:- ഫാസിൽ മുഹമ്മദ് 

ഈ സിനിമയെ കുറിച്ച് പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ലെങ്കിലും പറയാം. 2024 ലെ മികച്ച നടിയ്ക്കുള്ള  കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഷംല ഹംസ എന്ന പുതുമുഖ നടിക്ക് നേടിക്കൊടുത്ത സിനിമയാണ് ഫെമിനിച്ചി ഫാത്തിമ. 

ഒരു പേർഷ്യൻ സിനിമ കാണുന്ന ഫീലോട് കൂടി കണ്ടിരുന്നു പോയി. വളരെ ചെറിയൊരു പ്ലോട്ടിനെ ഒന്നര മണിക്കൂർ ആദ്യാവസാനം എൻഗേജിങ് ആയി പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിഞ്ഞു. ഒരു ഓഫ് ബീറ്റ് സിനിമ എന്ന് ഒട്ടും തോന്നിപ്പിക്കാതെ നല്ലൊരു ഫീൽഗുഡ് എൻ്റർടെയ്നർ കാണുന്നത് പോലെ ഒത്തിരി ചിരിയും, ഇത്തിരി ചിന്തയും അവശേഷിപ്പിച്ചു കൊണ്ട് അവസാനിക്കുന്ന മനോഹരമായ ചിത്രം. സിനിമ തീർന്നത് പോലും അറിയില്ല. അത്രയ്ക്ക് കിടിലൻ എഴുത്തും പ്രകടനങ്ങളും സിനിമയെ കൂടുതൽ പ്രേക്ഷകനുമായി കണക്റ്റ് ആക്കും. 

എൻ്റെ സ്വന്തം സമുദായത്തിൽ ഇന്നത്തെ കാലത്ത് സംഭവിക്കുന്ന കാര്യങ്ങൾ ആണ് സിനിമ പ്രധാനമായും ചർച്ച ചെയ്യുന്നത് എന്നത് കൊണ്ട് തന്നെയാണ് സിനിമ എനിക്ക് കൂടുതൽ റിലേറ്റബിൾ ആയത്. അതിൽ നർമ്മത്തിൻ്റെ മേമ്പൊടി കൂടി ചേർത്തപ്പോൾ ഭംഗി ഒന്നൂടെ കൂടി എന്ന് വേണം പറയാൻ. 

ഷംല ഹംസയ്ക്ക് ഒപ്പം തന്നെ പറയേണ്ട വേറെ ചില പേരുകൾ കൂടിയുണ്ട്. ഉസ്താദിൻ്റെ വേഷം ചെയ്ത കുമാർ സുനിൽ, ഉമ്മയായി വന്ന പുഷ്പ രാജൻ, അയൽപക്കത്തെ ഇത്തയുടെ റോളിൽ വന്ന വിജി വിശ്വനാഥ്, ഒപ്പം ഫാത്തിമയുടെ മൂന്ന് മക്കൾ അങ്ങനെ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത എല്ലാവരും ഗംഭീര പ്രകടനം കാഴ്ച വെച്ചു. 

സിനിമയുടെ എഴുത്തും എഡിറ്റിങ്ങും സംവിധായകൻ തന്നെ കൈകാര്യം ചെയ്തപ്പോൾ പശ്ചാത്തല സംഗീതം ഒരുക്കിയത് ഷിയാദ് കബീർ, ഛായാഗ്രഹണം നിർവഹിച്ചത് പ്രിൻസ് ഫ്രാൻസിസ് ആണ്. ടെക്‌നിക്കലി മികച്ചു നിൽക്കുന്ന ചിത്രം കൂടിയാണ് ഫെമിനിച്ചി ഫാത്തിമ. 

മുസ്‌ലിം സമുദായത്തിലെ മാത്രമല്ല, ഇതര സമുദായങ്ങളിലെയും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും സിനിമ അഡ്രസ് ചെയ്യുന്നുണ്ട്. വെറുമൊരു സ്ത്രീപക്ഷ സിനിമ എന്നതിലുപരി നമ്മുടെ വർത്തമാന കാലം കൂടി സിനിമ അടയാളപ്പെടുത്തുന്നുണ്ട്. തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന കലാ സൃഷ്ടി. ഒരു ചെറുപുഞ്ചിരിയോടെ നിങ്ങൾക്ക് ഈ സിനിമ കണ്ടു തീർക്കാം. 

HIGHLY RECOMMENDED 💯👍

#Naaz373 😊

Comments