ANGAMMAL (2025)
Director : Vipin Radhakrishnan
വിവിധ ഫിലിം ഫെസ്റ്റിവെൽ സർക്യൂട്ടുകളിലെ പ്രദർശനങ്ങൾക്ക് ശേഷം ഈയടുത്താണ് ഈ സിനിമ ഒറ്റിറ്റി റിലീസായത്. ഗീത കൈലാസം, ശരൺ ശക്തി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു നവാഗതനായ വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന 'അങ്കമ്മാൾ' എന്ന സ്ത്രീയുടെ ജീവിതം, അവർ കടന്ന് വന്ന സാഹചര്യങ്ങൾ, തുടർന്ന് പോരുന്ന ശീലങ്ങൾ, അവരുടെ ജീവിത രീതികൾ തുടങ്ങിയ കാര്യങ്ങൾ വരച്ചു കാണിച്ച് കൊണ്ടാണ്. ഗീത കൈലാസം എന്ന നടിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്.
ചില പ്രത്യേക സന്ദർഭങ്ങൾ മൂലം അങ്കമ്മാൾ, അവർ ജീവിച്ച് പോന്നിരുന്ന രീതികൾ സ്വന്തം മക്കൾക്ക് വേണ്ടി മാറ്റാൻ നിർബന്ധിതയാകുന്നു. അതിനെ തുടർന്ന് ആ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ചിത്രത്തിൻ്റെ പ്രമേയം. അമ്മ - മകൻ ബന്ധം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
അഭിനേതാക്കളുടെ മികവുറ്റ പെർഫോമൻസ്, തമിഴ്നാടിൻ്റെ ഗ്രാമീണ സൗന്ദര്യം അതേപടി ഒപ്പിയെടുത്ത അഞ്ജോയ് സമുവലിൻ്റെ ഗംഭീര ഛായാഗ്രഹണം, മുഹമ്മദ് മഖ്ബൂൽ മൻസൂർ ഒരുക്കിയ മനസ്സിൽ തൊടുന്ന സംഗീതം, ഇതെല്ലാം കൊണ്ട് സിനിമ എനിക്ക് മികച്ച ഒരു അനുഭവം ആയിരുന്നു. സിനിമയ്ക്ക് പിന്നിൽ നമുക്ക് പരിചയമുള്ള ഒരുപാട് മലയാളികളും വർക്ക് ചെയ്തിട്ടുണ്ട്.
ഒരു ഓഫ് ബീറ്റ് സിനിമ ആയത് കൊണ്ട് തന്നെ വളരെ പതിഞ്ഞ രീതിയിലുള്ള കഥ പറച്ചിൽ ആണ് സിനിമയുടേത്. രണ്ട് മണിക്കൂർ ലെങ്ത് ഉളള സിനിമ ചിലപ്പോൾ നിങ്ങൾക്ക് ലാഗ് ആയി തോന്നാം. പക്ഷേ അതിനെ മറികടക്കുന്ന പ്രകടന മികവും, മേക്കിങ് ക്വാളിറ്റിയും കൊണ്ട് ചിത്രം കണ്ടിരിക്കാൻ സാധിക്കുന്ന ഒരനുഭവം സമ്മാനിക്കുന്നുണ്ട്.
തമിഴ്നാടിൻ്റെ ഗ്രാമീണ മേഖലയിലെ പച്ചയായ മനുഷ്യ ജീവിതങ്ങളെ ഗംഭീരമായി ചിത്രം ചേർത്ത് വെക്കുന്നുണ്ട്. ഗീത കൈലാസം, 'അങ്കമ്മാൾ' എന്ന കഥാപാത്രം ആയി ജീവിച്ചു കാണിച്ചു. Indian Film Festival of Melbourne - മികച്ച നടിയ്ക്കുള്ള അവാർഡ് അവർക്ക് ഈ ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ചു.
ഓഫ്ബീറ്റ് സിനിമകൾ കണ്ട് ശീലമുള്ളവർക്ക് മാത്രമല്ല സാധാരണ പ്രേക്ഷകർക്കും ഒരിത്തിരി 'ക്ഷമ' ഉണ്ടെങ്കിൽ കാണാവുന്ന ഒരു മനോഹര ചിത്രമാണ് 'അങ്കമ്മാൾ'.
#Naaz373 😊

Comments
Post a Comment