ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ By Sanjay Dhanesh



Irupathiyonnaam Noottaandu

കുറച്ച് തമാശയും ചെറിയൊരു പ്രണയവും ചെറിയൊരു സംഘട്ടനവും ഒപ്പം ശക്തമായ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും അച്ചടക്കത്തോടെ മനോഹരമായി പറഞ്ഞുപോയൊരു ഫീൽഗുഡ് എന്റെർറ്റൈനെർ.


വലിയ സംഭവം എന്നൊന്നും പറയാനില്ലാത്ത ഒരു രചനയാണ് ചിത്രത്തിന്റേത്.... ഒരു പാവം തിരക്കഥ..... അതിനെ തന്റെ സംവിധാന മികവിലൂടെ Arun Gopy മനോഹരമായൊരു ദൃശ്യാനുഭവമാക്കി മാറ്റിയിട്ടുണ്ട്. സമൂഹത്തിൽ ഈയിടെയായി നടന്ന.... നടന്നുകൊണ്ടിരിക്കുന്ന.... പല മോശം പ്രവണതകൾക്കെതിരേയും കുറ്റ കൃത്യങ്ങൾക്കെതിരേയും വളരെ രസകരമായി അതോടൊപ്പം ശക്തമായി തന്നെ അരുൺ തന്റെ ആയുധമായ സിനിമ കൊണ്ട് പ്രതികരിച്ചിട്ടുണ്ട്. നർമ്മരൂപേണയായും അല്ലാതെയും പല രീതിയിൽ പല നാറിയവർക്കും ഇട്ട് ഏവരും മനസ്സറിഞ്ഞു കൈയ്യടിച്ചു പോകുന്ന രീതിയിൽ അരുൺ കൊട്ടിയിട്ടുണ്ട്. അതോടൊപ്പം കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമെല്ലാം നല്ല രീതിയിൽ ചിത്രത്തിലൂടെ പറഞ്ഞു പോയിട്ടുണ്ട്. ഒരു ചെറിയ കഥയെ തരക്കേടില്ലാത്ത തിരക്കഥകൊണ്ടും മനോഹരമായ സംഭാഷണങ്ങളാലും തന്റെ സംവിധാന മികവുകൊണ്ടും നല്ലൊരു ഫീൽഗുഡ് അനുഭവമാക്കി മാറ്റിയിട്ടുണ്ട് Arun Gopy.

Pranav Mohanlal നായകനായ ആദി എന്ന ആദ്യ ചിത്രത്തിൽ ആക്ഷൻ സീനുകൾ കൊണ്ട് ഞെട്ടിച്ച പ്രണവ് പക്ഷേ അഭിനയം കൊണ്ട് ഒരു മാജിക്കും കാണിച്ചിട്ടില്ലായിരുന്നു.... ആദ്യ സിനിമ എന്നതിന്റെ ചില പ്രശ്നങ്ങൾ ആ പ്രകടനത്തിൽ നിഴലിച്ചു നിന്നിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ അതിനെ മറച്ച പ്രണവ് പക്ഷേ ഇത്തവണ എത്തിയത് അഭിനയിച്ചു തന്നെ ഫലിപ്പിക്കേണ്ട ഒരു റോളിൽ ആയിരുന്നു. നായകനായ രണ്ടാം ചിത്രത്തിൽ ആദ്യ സിനിമയിലെ പ്രകടനത്തേക്കാളും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് പ്രണവ്. അപ്പു എന്ന കഥാപാത്രം തന്റെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് ഒരുപാട് നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം. അതിൽ ഒരു പരിധിവരെ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. ആദ്യ സിനിമയിൽ നിന്ന് മാറി രണ്ടാം ചിത്രത്തിൽ എത്തിയപ്പോൾ ഒരുപാട് മെച്ചപ്പെട്ട അഭിനേതാവ്. അരുൺ ഗോപി പറഞ്ഞത് പോലെ പ്രണവിന്റെ വലിയൊരു പ്രശ്നം അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയാണ്..... അദ്ദേഹത്തിന്റെ മലയാളത്തിന് ഒരു ഒഴുക്കില്ല....  പക്ഷേ അദ്ദേഹം തന്റെ ബലഹീനതകൾ മെച്ചപ്പെടുത്താൻ ഒരുപാട് ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് എന്നത് വ്യക്തം. അദ്ദേഹത്തിന്റെ അസാധ്യ മെയ്‌വഴക്കം ഈ ചിത്രത്തിലും വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. വരും സിനിമകളിൽ തന്റെ പ്രകടനം ഇനിയും ഒരുപാട് മെച്ചപ്പെടുത്തി പ്രേക്ഷക പ്രിയങ്കരനായി മാറാൻ പ്രണവിന് സാധിക്കും എന്ന് തന്നെയാണ് വിശ്വാസം. ആക്ഷൻ രംഗങ്ങൾ മാത്രമല്ല  ഡാൻസ് രംഗം ആണേലും തനിക്ക് ok ആണെന്ന് പ്രണവ് കാണിച്ചു തന്നിട്ടുണ്ട്.

Gokul Suresh അഥിതി താരമായി എത്തിയ ഗോകുൽ തന്റെ ഫ്രാൻസിസ് എന്ന കഥാപാത്രമായി തിളങ്ങി നിന്നു.


ഒരുപാട് നരാധമന്മാർക്കെതിരെയുള്ള മുഖമടച്ചുള്ള പ്രഹരവും പലർക്കുമുള്ള ഒരു ഓർമ്മപ്പെടുത്തലും പലരും പ്രകടിപ്പിക്കാൻ ആഗ്രഹിച്ച പ്രതിഷേധവും പലർക്കുമുള്ള ഒരു താക്കീതും ഒരു പ്രചോദനവും ഒക്കെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പെണ്മക്കളുള്ള മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഏറെയിഷ്ടപ്പെടാൻ സാധ്യതയുള്ളൊരു ചിത്രം.

സിംപിൾ ആയൊരു തിരക്കഥയെ മികച്ച സംഭാഷണങ്ങളിലൂടെ മനോഹരമായി തന്നെ അണിയിച്ചൊരുക്കിയ ഒരു ഫീൽഗുഡ് എന്റെർറ്റൈനെർ ആണ് എന്നെ സംബന്ധിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ക്ലൈമാക്സ്സിലെ VFX രംഗം ഒഴിച്ച് നിർത്തിയാൽ (അത്‌ വലിയൊരു പോരായ്മ തന്നെയാണ് )എന്നിലെ പ്രേക്ഷനെ ത്രിപ്പ്തിപ്പെടുത്തിയ..... ആസ്വദിച്ചു കണ്ട ഒരു ദൃശ്യാനുഭവം തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.  (3.25/5)



*സഞ്ജയ് ധനേഷ്*