പേരൻപോട് Muhammad Nezar Peranbu (2019) Review




സ്നേഹത്തിന്റെ, സഹനത്തിന്റെ, നിസ്സഹായതയുടെ, അവഗണനയുടെ, മരിക്കാത്ത മനുഷ്യത്വത്തിന്റെ, ഉയർത്തെഴുന്നേല്പിന്റെ പേരൻപ് ❤️

ഒരു നടന് വേണ്ടി  സംവിധായകന്റെ എട്ട് വർഷത്തെ കാത്തിരിപ്പ്

ആ സിനിമയ്ക്ക് വേണ്ടി പ്രേക്ഷകരുടെ മൂന്ന് വർഷത്തെ കാത്തിരിപ്പ്

ആ കാത്തിരിപ്പ് അവസാനിച്ചപ്പോൾ അതിന് നൂറിരട്ടി തിളക്കം.

പേരൻപ് എന്നാൽ ഒരു വ്യക്തിയോട്, ജീവിയോട്, അല്ലെങ്കിൽ ഒരു കാര്യത്തോട് അതിന്റെ എല്ലാ അവസ്ഥകളും മനസിലാക്കി അതിനോട് പൂർണമായും ഇഴുകി ചേർന്നുകൊണ്ടു  താദാത്മ്യം പ്രാപിക്കുക എന്നാണ്. ഇവിടെ അത് ഒരച്ചനും മകളെയും അവളുടെ പരിസരമാകുന്ന പ്രകൃതിയും  തമ്മിലുള്ള പരസ്പരം ഇഴുകി ചേരലിന്റെ നെഞ്ചു നോവുന്ന കഥ പറയുന്നു. സിനിമ കഴിയുമ്പോൾ കാണുന്ന ഓരോ പ്രേക്ഷകനെയും പേരൻപോട് കൂടെ അവരിലേക്ക് എത്തിക്കാൻ സംവിധായകൻ റാമിന് പൂർണമായും കഴിഞ്ഞിട്ടുണ്ട്.

പ്രകൃതിയുടെ പല അവസ്ഥാന്തരങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പന്ത്രണ്ട് അദ്ധ്യായങ്ങളിലായി അതിന്റെ പല മുഖങ്ങൾ അമുദവൻ എന്ന അച്ഛനിലും, പാപ്പ എന്ന തന്റെ മകളിലും അവരുടെ ജീവിതമാകുന്ന യാത്രയിലും സൃഷ്ടിക്കുന്ന മാറ്റങ്ങളും സ്വാധീനവും പ്രതിസന്ധികളും അവയിലൂടെയുള്ള ഉയർത്തെഴുന്നേൽപും അതിമനോഹരമായി സിനിമ വരച്ചു ചേർക്കുന്നു. കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല.

എന്തുകൊണ്ട് പേരൻപ് ???

ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന സിനിമ അതിന്റെ സാമൂഹിക പ്രസക്തി ഒട്ടും ചോർന്ന് പോകാതെ ജീവിതവും അതിന്റെ യാഥാർഥ്യങ്ങളോടും ചേർന്നു നിൽക്കുന്ന മികച്ച അവതരണം, കൂടെ മലയാളത്തിന്റെ മഹാനടനവും ചേരുമ്പോൾ സിനിമ മറ്റൊരു തലത്തിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു. മമ്മൂക്കയുടെ അമുദാവൻ എന്ന അച്ഛനിലേക്കുള്ള ആരെയും അമ്പരപ്പിക്കുന്ന പരകായ പ്രവേശം അദ്ദേഹത്തിന്റെ പഴയ സിനിമകൾ കണ്ടുവളർന്ന നമുക്ക് ഒരിക്കലും ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ ആ കഥാപാത്രങ്ങളുടെ ഒരു നേർത്ത സാമ്യം പോലും പ്രേക്ഷകർക്ക് തോന്നാത്ത വിധത്തിൽ വളരെ കയ്യടക്കത്തോടെ ആ കഥാപത്രത്തെ അവതരിപ്പിക്കാൻ മമ്മൂക്കയ്ക്ക് കഴിഞ്ഞു. മറ്റൊരു അമരമോ പാഥേയമോ അല്ല പുതിയൊരു പേരൻപ് ആയിരിക്കും ഓരോ പ്രേക്ഷകനും കാണുക. മകളുടെ വേഷം ചെയ്ത സാധന എന്ന പെൺകുട്ടിയുടെ അതിഗംഭീര പ്രകടനം പറയാതെ വയ്യ. അത്രയും സങ്കീർണമായ കഥാപാത്രം അതിന്റെ യാതൊരു പരിചയകുറവും തോന്നിപ്പിക്കാത്ത രീതിയിൽ ആ കുട്ടി മനോഹരമാക്കി. അഞ്ജലി, അഞ്ജലി അമീർ, സമുദ്രക്കനി, തുടങ്ങി എല്ലാവരും അവരുടെ റോളുകൾ മികച്ചതാക്കി.

ടെക്‌നിക്കൽ സൈഡ്

അതിൽ ആദ്യം എടുത്ത് പറയേണ്ടത് സിനിമയുടെ വിഷ്വൽസ് ആണ്. ആദ്യ പകുതിയിൽ പ്രകൃതിയുടെ വിശാലതയും രണ്ടാം പകുതിയിൽ നഗരത്തിന്റെ സങ്കുചിതവും ഇടുങ്ങിയതുമായ സ്വഭാവവും അതേപടി ഒപ്പിയെടുത്ത ഗംഭീര ഛായാഗ്രഹണം. ചില ഷോട്ടുകളെ ഒന്നും വർണിക്കാൻ വാക്കുകളില്ല.

യുവൻ ശങ്കർ രാജയുടെ സംഗീതവും ബിജിഎം. സിനിമയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന പാട്ടുകളും ശബ്ദകോലാഹലങ്ങൾ ഇല്ലാതെ പതിഞ്ഞ താളത്തിലുള്ള സിനിമയ്ക്ക് അതേരീതിയിലുള്ള ബിജിഎം ഒരുക്കാൻ യുവന് കഴിഞ്ഞു. നിശബ്ദത കൊണ്ട് വരെ പ്രേക്ഷകരുടെ മനസിനെ മുറിവേൽപ്പിക്കാൻ കഴിയുമെന്ന്  കാണിച്ചു തന്നു. എഡിറ്റിങ് വിഭാഗവും പ്രശംസ അർഹിക്കുന്നു.

നമ്മൾ എവിടെയൊക്കെയോ കണ്ടുമറന്ന, കാണാതെ പോയ, കണ്ടറിയേണ്ട ജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരം. തീർച്ചയായും കണ്ടിരിക്കേണ്ട മികച്ച സിനിമാനുഭവം. അമുദാവനും പാപ്പായും നിങ്ങളെ പേരൻപോടെ കാത്തിരിക്കുന്നു. ഒരിറ്റ് കണ്ണീർ പൊഴിക്കാതെയോ ഒരു ഞെട്ടലോടെയോ അല്ലാതെ കണ്ടിരിക്കാനാവില്ല ഈ സിനിമ.

ലാസ്റ്റ് വേർഡ്:- എപ്പോഴോ നമുക്ക് നഷ്ടപ്പെട്ടു പോയ ആ പഴയ മമ്മൂക്കയെ തിരികെ  തരാൻ ഒടുവിൽ ഒരു തമിഴൻ തന്നെ വേണ്ടിവന്നു. റാം എന്ന സംവിധായകനും സിനിമയുടെ അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി.

പേരൻപോട്,
ഒരു സിനിമ സ്നേഹി

#Naaz373