Sully : Miracle on the Hudson (2016)



Sully: Miracle on the Hudson (2016)
Film by Clint Eastwood
Genre: Drama, Survival

Cactus 1549 എന്ന അമേരിക്കൻ വിമാനത്തിന്റെ പൈലറ്റ് ആയ ചെസ്‌ലി സുള്ളൻബെർഗർ എന്ന വ്യക്തിയുടെ ജീവിതത്തിൽ 2009 ജനുവരി 15ന് നടന്ന വിമാന അപകടത്തെ ആസ്പദമാക്കി ക്ലിന്റ് ഈസ്റ്റ് വുഡ് ഒരുക്കിയ സിനിമയാണ് Sully. ഒരു റിയൽ ലൈഫ് സ്റ്റോറി ആയതുകൊണ്ട് തന്നെ തീർത്തും നാടകീയത ഇല്ലാതെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ടോം ഹാങ്ക്സ് ക്യാപ്റ്റൻ സുള്ളിയുടെ വേഷം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. 

തന്റെ 42 വർഷത്തെ കരിയർ തന്നെ മാറ്റി മറിച്ച സംഭവമായിരുന്നു ക്യാപ്റ്റൻ സുള്ളിയെ സംബന്ധിച്ച് ആ വിമാന അപകടം. അതുകൊണ്ട് തന്നെ ഊണിലും ഉറക്കത്തിലും അത് അയാളെ ഒരു ദുഃസ്വപ്നം പോലെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നാൽ വിചിത്രമായ കാര്യം എന്തെന്നാൽ ഏകദേശം 150 യാത്രക്കാർ ഉൾപ്പെട്ട ആ അപകടത്തിൽ ഒരാളുടെ ജീവൻ പോലും നഷ്ടമായില്ല എന്നതായിരുന്നു. എങ്കിലും ട്രാൻസ്‌പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റ് സുള്ളിക്കും കോ പൈലറ്റ് ആയ മിസ്റ്റർ. Skiles നും എതിരെ അന്വേഷണം ആവശ്യപ്പെട്ടു. ഒഴിവാക്കാൻ കഴിയുമായിരുന്ന അപകടം ആയിരുന്നു അത് എന്ന അന്വേഷണ സംഘത്തിന്റെ നിഗമനത്തിൽ അദ്ദേഹം ഒരിക്കലും വിശ്വസിച്ചില്ല. അവസാനം വരെ തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്നതും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം. 

ഒന്നര മണിക്കൂർ കൊണ്ട് ക്യാപ്റ്റൻ സുള്ളിയെ നന്നായി തന്നെ പ്രേക്ഷകരിൽ എത്തിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതേപോലെ ആ വിമാന അപകടവും മികച്ച രീതിയിൽ പകർത്താൻ സംവിധായകന് സാധിച്ചു. ഒന്നര മണിക്കൂർ നേരം മാറ്റി വെച്ചു കണ്ടാൽ ഒരിക്കലും നഷ്ടം ആവാത്ത നല്ലൊരു സിനിമ.

#Naaz373