BRAMAYUGAM (2024) : MOVIE ANALYSIS

 


ഭ്രമയുഗം പറയുന്ന രാഷ്ട്രീയം

(SPOILER ALERT)


ഇന്ന് സിനിമ രണ്ടാമത് ഒന്നുകൂടി കണ്ടപ്പോൾ സിനിമയെ കുറേക്കൂടി ആഴത്തിൽ ആസ്വദിക്കാൻ സാധിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സിനിമ പറയുന്ന രാഷ്ട്രീയ സാഹചര്യം കൂടി ചർച്ച ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ്. 


സിനിമയിലെ മൂന്നു പ്രധാന കഥാപാത്രങ്ങൾ ആണ് ഉള്ളത്. കൊടുമൺ പോറ്റി എന്ന ബ്രാഹ്മണൻ എന്ന് അവകാശപ്പെടുന്ന ജന്മിയും അയാളുടെ ഭൃത്യൻ ആയ സിദ്ധാർത്ഥ് ഭരതൻ അവതരിപ്പിച്ച കഥാപാത്രം, അർജുൻ അശോകൻ അവതരിപ്പിച്ച 'തേവൻ' എന്ന പാണൻ ആയ അടിമ ചന്തയിൽ നിന്നും രക്ഷപ്പെട്ടു വന്ന കഥാപാത്രവും ആണ് ആ മൂന്നു പേർ. പോറ്റിയുടെ ആശ്രിതനായി പാണനെ മനയ്ക്കലേക്ക് ക്ഷണിക്കുകയും അയാളെ പകിട കളിയിലൂടെ കീഴ്‌പ്പെടുത്തി തന്റെ അടിമയാക്കാനും പോറ്റി ശ്രമിക്കുന്നുണ്ട്. തന്റെ അധികാരം ഉപയോഗിച്ച് മറ്റുള്ളവരുടെ സമയവും വിധിയും മാറ്റിയെഴുതാൻ തക്കവണ്ണം ശക്തനാണ് പോറ്റി എന്ന് സിനിമ പറഞ്ഞു വെക്കുന്നു. എന്നാൽ സിനിമ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ആ അധികാരത്തിന് വേണ്ടി മത്സരിക്കുന്ന പാണനെയും വേലക്കാരൻ ആയ (പോറ്റിയുടെ മകൻ കൂടിയാണ്) സിദ്ധാർത്ഥ് ഭരതനെയും കാണാം. ഒടുവിൽ ആ അധികാരത്തിന്റെ താക്കോൽ അവരിൽ ഒരാൾക്ക് കിട്ടുമ്പോൾ അയാളും പോറ്റി നടന്ന അതേ വഴിയാണ് തിരഞ്ഞെടുക്കുന്നത് എന്ന് സിനിമ നിശബ്ദമായി പറഞ്ഞു വെക്കുന്നുണ്ട്. 


അധികാരത്തിന്റെ ലഹരി ഒരു മനുഷ്യനെ ഏതൊക്കെ തരത്തിലാണ് സ്വാധീനിക്കുന്നത് എന്ന് സിനിമ വ്യക്തമാക്കി തരുന്നുണ്ട്. അതുകൊണ്ട് തന്നെ ഭ്രമയുഗം ഒരു സാധാരണ ഹൊറർ മിസ്റ്ററി ത്രില്ലർ മാത്രമായി ഒതുക്കാൻ കഴിയില്ല. അതിനുള്ളിലെ രാഷ്ട്രീയം കൂടി പറയാതെ ആ സിനിമ പൂർണമാവില്ല. 


രാഹുൽ സദാശിവനും, ടി. ഡി. രാമകൃഷ്ണൻ ചേർന്ന് എഴുതിയ തിരക്കഥ പല ലെയറുകൾ ഉള്ളതാണ്. അത്രയ്ക്ക് ഗംഭീരമായിട്ടാണ് സിനിമയ്ക്ക് ഉള്ളിലെ രാഷ്ട്രീയം അത് പറയുന്നത്. ആവർത്തന കാഴ്ചകളിൽ ഇനിയും പലതും ചിലപ്പോൾ വ്യക്തമാകും. ഭ്രമയുഗം പറയുന്ന രാഷ്ട്രീയം അത് എന്നും പ്രസക്തിയുള്ളതാണ്.


#Naaz373 😊

Comments