BOUGAINVILLEA (2024)
A Film by Amal Neerad
സിനിമ അനൗൺസ് ചെയ്ത അന്ന് മുതൽ ഇന്ന് വരെ ഈ സിനിമയെക്കുറിച്ചുള്ള എന്റെ പേഴ്സണൽ പ്രെഡിക്ഷൻ ഉണ്ടായിരുന്നു. അത് നൂറിൽ നൂറ് ശതമാനം ശരിവെച്ച സിനിമയാണ് ബോഗെയ്ൻവില്ല. ഇനി അത് പോസിറ്റീവ് ആണോ അല്ലെങ്കിൽ നെഗറ്റീവ് ആണോ എന്ന് പിന്നാലെ പറയാം.
അതിന് മുമ്പ് എനിക്ക് മറ്റൊരു പ്രധാന കാര്യം പറയാനുണ്ട്. ഒരു സിനിമ ഫിക്ഷൻ ആണോ, അല്ലെങ്കിൽ 'ബേസ്ഡ് ഓണ് എ ട്രൂ സ്റ്റോറി' ആണോ അതും അല്ലെങ്കിൽ മറ്റെവിടുന്നെങ്കിലും ഇൻസ്പിറേഷൻ / പ്രചോദനം ഉൾക്കൊണ്ട് ചെയ്തത് ആണോ എന്നൊക്കെ ഒന്നുകിൽ സിനിമയുടെ അണിയറ പ്രവർത്തകർ പറയുകയോ, അതുമല്ലെങ്കിൽ പ്രേക്ഷകർ കണ്ടെത്തി വെളിപ്പെടുത്തുകയോ ചെയ്യാറുണ്ട്. ഈ സിനിമയ്ക്കും അങ്ങനെ ഒരു ഫ്ലാഷ്ബാക്ക് ഉണ്ടായിരുന്നു. ലാജോ ജോസ് എന്ന എഴുത്തുകാരന്റെ "റൂത്തിന്റെ ലോകം" എന്ന നോവൽ ആസ്പദമാക്കിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത് എന്നായിരുന്നു അത്. ഈ പറഞ്ഞ ലാജോ ജോസ് കൂടി സിനിമയുടെ തിരക്കഥയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടു പോലും അങ്ങനെയൊരു ആരോപണം വന്നപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർ അത് ഒരിക്കലും സമ്മതിച്ചു തന്നില്ല എന്ന് മാത്രമല്ല അടിസ്ഥാന രഹിതമായ ആരോപണം എന്ന നിലയിൽ തള്ളിക്കളയുകയും ചെയ്തു. അതെല്ലാം കഴിഞ്ഞു ഇന്ന് സിനിമ കണ്ടപ്പോൾ ടൈറ്റിൽ ക്രെഡിറ്റ്‌സിൽ നല്ല വെണ്ടക്ക അക്ഷരത്തിൽ അവർ ഒരു കുറ്റസമ്മതം നടത്തുന്ന ലാഘവത്തോടെ എഴുതി കാണിച്ചിരിക്കുന്നു - "Based on the Novel of Roothinte Lokam by Lajo Jose".
സത്യം പറയാമല്ലോ തുടക്കത്തിൽ ഇത് കണ്ടപ്പോൾ തന്നെ സിനിമ എന്തായി തീരുമെന്നും, എനിക്ക് അമൽ നീരദ് എന്ന പാഷനെറ്റ് ആൻഡ് ബ്രാൻഡഡ് ഫിലിം മേക്കറോടുള്ള സകല ബഹുമാനവും നഷ്ടപ്പെട്ടു, മാത്രമല്ല സിനിമയേക്കുറിച്ചു അപ്പൊ തന്നെ ഒരു നെഗറ്റീവ് ഇമ്പ്രെഷൻ തോന്നി. അതൊക്കെ അവിടെ നിക്കട്ടെ. സിനിമ മുഴുവൻ കണ്ടിട്ട് ബാക്കി തീരുമാനിക്കാം എന്ന നിലയിൽ ഞാൻ എന്റെ അമർഷം കടിച്ചമർത്തി അവിടെ തന്നെ ഇരുന്നു.
സിനിമയിലേക്ക്...
"റൂത്തിന്റെ ലോകം" ഞാൻ മുമ്പ് വായിച്ചിരുന്നില്ല, അതുകൊണ്ട് തന്നെ വളരെ തുറന്ന മനസ്സോടെയാണ് ഞാൻ സിനിമയിലെ 'റീതുവിന്റെ' ലോകത്തേക്ക് കടന്ന് ചെന്നത്. റീതു, ഭർത്താവും ഡോക്ടറുമായ റോയ്‌സും ആയി ഇടുക്കി ജില്ലയിലെ ഒരു ഉൾ ഗ്രാമത്തിൽ അവരുടെ വീടും, രണ്ട് 'മക്കളും' ആയി ജീവിക്കുന്ന, ഒപ്പം വീട്ടു ജോലിക്കാരി രമയും (ശ്രിന്ദ) അവരുടെ ഭർത്താവും വീട്ടിലെ ഡ്രൈവർ ആയ ബിജുവും (ഷറഫുദ്ദീൻ) ആണ് അവരുടെ സഹായത്തിന് കൂടെ ഉള്ളവർ. റോയ്സിന് കുറച്ചു മാറി ഒരു ഫാം ഹൗസ് ഉണ്ട്, ആഴ്ചയിൽ ഒരിക്കൽ അയാൾ അവിടെ പോകും, കപ്പയും മറ്റും അവിടെ കൃഷി ചെയ്യുന്നുണ്ട്. ആഴ്ചയിൽ ഒരിക്കലുള്ള ഫാം ഹൗസ് സന്ദർശനം ആണ് അയാളുടെ ജീവിതത്തിലെ ഏക ആശ്വാസം എന്ന് അയാൾ പറയുന്നുണ്ട്.
എട്ട് വർഷങ്ങൾക്ക് മുമ്പ് ഇരുവർക്കും ഒരു അപകടം സംഭവിക്കുന്നുണ്ട്. സിനിമ ശരിക്കും ആ ആക്സിഡന്റ് സീനിൽ നിന്നാണ് ആരംഭിക്കുന്നത്. അതിന്റെ ട്രോമ കാരണമായി റീത്തുവിന് ഓർമക്കുറവ് അടക്കമുള്ള പല തരത്തിലുള്ള മാനസിക പ്രശ്നങ്ങളും ഉണ്ടാകുന്നു. ഒരു ഡോക്ടർ, അതിലുപരി ഒരു നല്ല ഭർത്താവ് എന്ന നിലയിൽ റോയ്‌സ് അവരെ വളരെ നന്നായി തന്നെ പരിചരിക്കുന്നു. അതിനിടയിൽ കുറച്ചു കോളേജ് വിദ്യാർത്ഥിനികൾ ദുരൂഹമായ സാഹചര്യത്തിൽ മിസ്സിങ് ആകുന്നതും അതിന്റെ അന്വേഷണത്തിനായി ഫഹദ് ഫാസിൽ ഇൻവെസ്റ്റിഗേഷൻ ഓഫിസർ വേഷത്തിൽ എത്തുന്നതും തുടർന്ന് റോയ്‌സ് - റീതു ദമ്പതികളുടെ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.
പോസിറ്റീവ്
അമൽ നീരദ് പടം
അമൽ നീരദ് സ്‌കൂൾ ഓഫ് മേകിങ്ങിൽ നിന്നും മറ്റൊരു സ്റ്റൈലിഷ് സിനിമ. എന്ത് പാഴ് വസ്തുവും അതിന്റെ യഥാർത്ഥ ഉടമയുടെ കയ്യിൽ എത്തുമ്പോൾ വെട്ടി തിളങ്ങും എന്ന് പറയുന്നത് പോലെയാണ് ഈ സിനിമയും എനിക്ക് തോന്നിയത്. ഒരു ആവറേജ് സ്ക്രിപ്റ്റ് വരെ തന്റെ മേക്കിങ് ക്വാളിറ്റി കൊണ്ട് അടുത്ത ലെവൽ എത്തിക്കാൻ കെൽപ്പുള്ള ഡയറക്ടർ ആണ് അമൽ എന്ന് പണ്ടേ തെളിയിച്ചതാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് ബോഗെയ്ൻവില്ല. ക്വാളിറ്റിയുടെ കാര്യത്തിൽ ഇവിടെ നോ കോംപ്രമൈസ്. അപ്പോഴും ചില പോരായ്മകളും സിനിമയിൽ ഉണ്ട്. അത് നെഗറ്റീവ് ആയി പറയാം.
ജ്യോതിർമയി - ഗംഭീര തിരിച്ചു വരവ് ❤️
എനിക്ക് പണ്ട് തൊട്ടേ ഇഷ്ടമുള്ള ഒരു അഭിനേത്രി ആയിരുന്നു. തനി നാടൻ കഥാപാത്രങ്ങൾ മുതൽ ബോൾഡ് ആയ റോളുകൾ വരെ തന്റേതായ ശൈലിയിൽ ചെയ്തു കഴിവ് തെളിയിച്ച നടിയുടെ മറ്റൊരു ഡാർക്ക് ഷെയ്ഡ് നൽകിയ ഗംഭീര പെർഫോമൻസ് ആയിരുന്നു. ഒന്ന് മീറ്റർ തെറ്റിയാൽ കയ്യിന്ന് പോകാവുന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ തന്നെ അവർ സ്ക്രീനിൽ എത്തിച്ചു. റീതു എന്ന കഥാപാത്രം ആയി അവർ ചുമ്മാ ജീവിച്ചു കാണിച്ചു. നിങ്ങളുടെ കൂടുതൽ വ്യത്യസ്തത നിറഞ്ഞ സിനിമകൾക്കായി കാത്തിരിക്കുന്നു.
സുഷിൻ ശ്യാം - ദ് ബ്രാൻഡ്
അമലിന്റെ കാര്യം പറഞ്ഞ പോലെ തന്നെ ഒരു സിനിമയ്ക്ക് എന്താണോ വേണ്ടത് അത് അറിഞ്ഞുള്ള പരിപാടിയാണ് സുഷിന്റെ സവിശേഷത. അതിന് ഇവിടെയും യാതൊരു കുറവും വരുത്താത്ത വിധത്തിലുള്ള പെട ബിജിഎം, ആ ക്ലൈമാക്സ് സീനിലേക്ക് ഒക്കെ വരുമ്പോൾ അത് അതിന്റെ എക്‌സ്ട്രീം ലെവലിൽ സുഷിൻ നമുക്ക് സമ്മാനിക്കുന്നുണ്ട്. ടൈറ്റിൽ ക്രെഡിറ്റ്‌സ് മുതൽ അങ്ങോട്ട് കത്തി കേറുന്ന ലെവൽ സ്കോറിങ്. സോങ്‌സും കൊള്ളാം.
ആനന്ദ് സി ചന്ദ്രന്റെ വശ്യമായ ക്യാമറ കണ്ണുകൾ
അമലിന്റെ കണ്ണുകൾ ആനന്ദ് വെച്ചത് പോലെയാണ് സിനിമയിലെ ഓരോ ഫ്രെയിമുകളും എനിക്ക് ഫീൽ ചെയ്തത്. ഇരുട്ടിന്റെ മറവിന് അപ്പുറം ബോഗെയ്ൻവില്ല പൂത്തു നിൽക്കുന്ന ഒരു ഫ്രയിം ഉണ്ട്. ആ ഒരൊറ്റ ഷോട്ട് കൊണ്ട് ഇങ്ങേരുടെ സ്‌കിൽ നമുക്ക് മനസിലാക്കാം. അതേപോലെ തന്നെ സിനിമയുടെ കളർ ഗ്രേഡിങ് കാര്യങ്ങൾ ഒക്കെ തന്നെ മികച്ചതായി അനുഭവപ്പെട്ടു. സ്ലോ പേസിൽ പോകുന്ന സിനിമ ഒരുപരിധിവരെ എൻഗേജ് ചെയ്യിപ്പിച്ചു നിർത്തിയ പ്രധാന ഘടകം ആനന്ദിന്റെ ഡിഒപി തന്നെയാണ്.
നെഗറ്റീവ്
തിരക്കഥ - മെയിൻ വില്ലൻ
തുടക്കം മുതൽ ഏതൊരാൾക്കും ഈ സിനിമ എങ്ങനെ ആയിരിക്കും അവസാനിക്കുക എന്ന് നിസാരമായി ഊഹിച്ചെടുക്കാൻ പറ്റുന്ന തരത്തിലുള്ള തിരക്കഥ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ കല്ലുകടിയായി തോന്നിയത്. അതേപോലെ സിനിമയുടെ സ്ലോ പേസ് ഇടയ്ക്കൊക്കെ നല്ല ലാഗ് ഫീൽ ചെയ്യിപ്പിച്ചു. പ്രത്യേകിച്ച് സെക്കന്റ് ഹാഫിൽ. നല്ല ചില ട്വിസ്റ്റ് ആൻഡ് ടേണുകൾ കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും തിരക്കഥയുടെ കെട്ടുറപ്പ് ഇല്ലായ്മ കൊണ്ട് അതെല്ലാം വിഫലം ആകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അമൽ നീരദിന്റെ തന്നെ മറ്റൊരു ചിത്രവുമായി ഈ സിനിമയ്ക്ക് ഒരുപാട് സമാനതകൾ എനിക്ക് ഫീൽ ചെയ്തു. മേക്കിങ് പാറ്റേൺ കൊണ്ടും ക്യാരക്ടർ ട്രാൻസ്ഫർമേഷൻ കൊണ്ടും എല്ലാം അത് നന്നായി നിഴലിച്ചു കാണാം. ഏതാണ് ആ സിനിമയെന്ന് നിങ്ങൾക്ക് ഇത് കണ്ട് കഴിയുമ്പോൾ പിടികിട്ടും. എന്നിട്ട് പോലും മുൻ ചിത്രത്തിന്റെ പകുതി ഫീൽ പോലും തരാൻ ഇത്തവണ കഴിഞ്ഞില്ല. ഒരു ഹൈ മൊമെന്റ് പോലുമില്ലാതെ കടന്ന് പോകുന്ന ഒരു അമൽ നീരദ് ചിത്രം കൂടിയായിരിക്കും ബോഗെയ്ൻവില്ല.
കാസ്റ്റിങ് പിഴവുകൾ
അതിൽ തന്നെ എടുത്തു പറയേണ്ടത് ഫഹദ് ഫാസിൽ ചെയ്‌ത ഡേവിഡ് കോശിയെന്ന ഇൻവെസ്റ്റിഗേഷൻ ഓഫിസർ ആണ്. ഫഹദിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത, എന്നാൽ മറ്റാർക്കും നിസാരമായി ചെയ്യാവുന്ന ഒരു റോളിലേക്ക് ഫഹദിനെ കാസ്റ്റ് ചെയ്തത് സിനിമയ്ക്ക് ഹൈപ്പ് കൂട്ടാൻ വേണ്ടി ആയിരുന്നോ എന്ന് പോലും ചിന്തിച്ചു പോകുന്ന തരത്തിലുള്ള കാസ്റ്റിങ്. എല്ലാം കഴിഞ്ഞ് വന്ന് എക്സ്പ്ലേനേഷൻ തരാൻ വേണ്ടി മാത്രം എഴുതി കേറ്റിയ പോലൊരു കഥാപാത്രം ആയിപ്പോയി അത്. കുഞ്ചാക്കോ ബോബനും ഫഹദും തമ്മിലുള്ള ഒരു ഫേസ് ഓഫ് സീൻ എങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഞാൻ ചിലപ്പോൾ ഇത് പറയുമായിരുന്നില്ല. തീർത്തും നിരാശപ്പെടുത്തിയ തീരുമാനം എന്നല്ലാതെ മറ്റൊന്നും ഇതിനെക്കുറിച്ച് പറയാനില്ല.
കിക്ക് ഇല്ലാതെപോയ ക്ലൈമാക്സ്
സിനിമയുടെ അതുവരെയുള്ള സ്ലോ പേസ് കാണുമ്പോൾ തന്നെ അവസാന അര മണിക്കൂർ അമൽ നീരദ് ഒരു കാട്ടുതീ കോരിയിടും എന്ന് ഉറപ്പായിരുന്നു. പക്ഷേ അവിടെയും ഒരു എക്സൈറ്റ്‌മെന്റ് നൽകാനോ, ഒരു ഹൈ മൊമെന്റ് ഫീൽ ചെയ്യിപ്പിക്കാനോ അമലിന് കഴിഞ്ഞില്ല എന്നാണ് എനിക്ക് വ്യക്തിപരമായി തോന്നിയത്. കാരണം ഞാൻ മുമ്പ് പറഞ്ഞത് പോലെ ഇതിനേക്കാൾ ഹെവി ഡോസുള്ള ക്ലൈമാക്സ് നമ്മൾ കണ്ട് കഴിഞ്ഞതാണ്. അതും പുള്ളിയുടെ സിനിമയിൽ തന്നെ. ഏറെക്കുറെ അതേവഴി തന്നെ പിന്തുടർന്ന് പോയ ഒരു ക്ലൈമാക്സ് എന്നല്ലാതെ അതിനൊപ്പമോ അല്ലെങ്കിൽ അതിന് മുകളിലോ നിൽക്കുന്ന ഒരു സീറ്റ് എഡ്ജ് എക്സ്പീരിയൻസ് പേഴ്സണലി എനിക്ക് ഫീൽ ചെയ്തില്ല. ചിലപ്പോൾ അത് എന്റെ മാത്രം പോയിന്റ് ഓഫ് വ്യൂ ആയിരിക്കാം. എന്നിരുന്നാലും എന്നിലെ പ്രേക്ഷകനെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ ആയിരുന്നില്ല ബോഗെയ്ൻവില്ല എന്നും അമൽ നീരദിന് പകരം മറ്റാരെങ്കിലും ചെയ്തിരുന്നു എങ്കിൽ ചിലപ്പോൾ ഞാൻ അത് സഹിക്കും ആയിരുന്നു. കാരണം ആ മനുഷ്യന്റെ പടങ്ങൾ കണ്ട് സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്ന എന്നെപ്പോലെ ഒരാൾ ഇതല്ല അയാളിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇതിനപ്പുറം തരാൻ പൊട്ടൻഷ്യൻ ഉള്ള മനുഷ്യൻ ആണ് അദ്ദേഹം.
ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് ഒരു ദിവസം പരീക്ഷയിൽ നൂറിൽ തൊണ്ണൂറ് വാങ്ങിയാലും ടീച്ചർ വഴക്ക് പറയില്ലേ... ഇത് അങ്ങനെ കൂട്ടിയാൽ മതി...
കാത്തിരിക്കുന്നു 'ഇയ്യോബിന്' ശേഷമുള്ള നിങ്ങളുടെ അടുത്ത മാസ്റ്റർ ക്ലാസ് സിനിമയ്ക്കായി...
Amal Neerad Forever 💎
#Naaz373 😊
Comments
Post a Comment