PARASAKTHI (2026)
A Film by Sudha Kongara
ഈ വർഷത്തെ എൻ്റെ ആദ്യ തിയറ്റർ എക്സ്പീരിയൻസ്, സുധ കൊങ്കാര എന്ന സംവിധായികയോടുള്ള ഒരേയൊരു വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് ഞാൻ ഈ സിനിമയ്ക്ക് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ് എടുത്തത്. ശിവ കാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രത്തിൻ്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നതും സംവിധായിക തന്നെയാണ്.
അറുപതുകളിൽ ഇന്ത്യയൊട്ടാകെ നടന്ന Anti-Hindi പ്രക്ഷോഭത്തെ ആസ്പദമാക്കി എടുത്ത സിനിമ, പ്രധാനമായും ചർച്ച ചെയ്യുന്നത് അന്നത്തെ തമിഴ്നാട് രാഷ്ട്രീയ സാഹചര്യങ്ങളും അതിനെ തുടർന്നുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമാണ്. നെഹ്രു, ഇന്ദിരാഗാന്ധി ഉൾപ്പെടെ അന്നത്തെ കാലത്തെ നേതാക്കളെയും സിനിമ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ വഴിയേ പറയാം.
പോസിറ്റീവ്
ശിവ കാർത്തികേയൻ - പ്രകടന മികവ് കൊണ്ട് ഞെട്ടിച്ചപ്പോൾ സിനിമ കൂടുതൽ എൻഗെജിങ് ആയി മാറി. ശിവയുടെ സ്ക്രീൻ പ്രസൻസ് കൊണ്ട് മാത്രം പല രംഗങ്ങളും പിക്കപ്പ് ചെയ്തു എടുക്കാൻ കഴിഞ്ഞു. വിജയ് കഴിഞ്ഞാൽ പിന്നെ തമിഴിൽ അങ്ങേർക്ക് ഒരു പിൻഗാമി ആണ് ശിവ കാർത്തികേയൻ എന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന ലെവൽ പെർഫോമൻസ്.
സിനിമ സംസാരിച്ച വിഷയം; അതിൻ്റെ പ്രസക്തി
തൊട്ടാൽ പൊള്ളുന്ന ഇത്തരമൊരു വിഷയത്തെ അതും ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ പറയാൻ കാണിച്ച ചങ്കൂറ്റം ചെറുതല്ല. സുധ കൊങ്കാര എന്ന സംവിധായിക ഇവിടെയാണ് വേറിട്ട് നിൽക്കുന്നത്. ഹിന്ദി ഭാഷയ്ക്ക് എതിരെയുള്ള സിനിമ എന്ന നിലയിൽ സെൻസർ ബോർഡിൻ്റെ ഒരുപാട് കത്തി വെക്കലുകൾക്കും ഇരയായി.
മേക്കിങ് ക്വാളിറ്റി
രവി കെ. ചന്ദ്രൻ്റെ സിനിമാറ്റോഗ്രഫി എടുത്ത് പറയേണ്ട ഒന്നാണ്. സിനിമയുടെ മൂഡിന് അനുസരിച്ചുള്ള വിഷ്വൽസ്. അതേപോലെ ലാഗ് ഒരുപരിധിവരെ മറികടക്കാനും ടെക്നിക്കൽ ടീമിന് കഴിഞ്ഞു. അറുപതുകളിലെ കാലഘട്ടത്തെ പുനഃസൃഷ്ടിക്കാൻ പ്രൊഡക്ഷൻ ടീമിൻ്റെ മികച്ച വർക്ക് കൊണ്ട് സാധിച്ചു.
ജിവി പ്രകാശ് കുമാർ ഒരുക്കിയ മ്യൂസിക് & ബാക്ക്ഗ്രൗണ്ട് സ്കോർ സിനിമയ്ക്ക് നല്ല രീതിയിൽ ഗുണം ചെയ്തു. ഒരുപരിധിവരെ പല സീനുകളെയും ഹോൾഡ് ചെയ്തു നിർത്താൻ ബിജിഎം കൊണ്ട് കഴിഞ്ഞു.
നെഗറ്റീവ്
ഫ്ലാറ്റ് ആയ തിരക്കഥ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്മയായ് എനിക്ക് തോന്നിയത്. പ്രത്യേകിച്ച് ഫസ്റ്റ് ഹാഫിൽ സിനിമ വല്ലാതെ ഡൗൺ ആയിപ്പോയി. പല സീനുകൾക്കും ഒരു പഞ്ച് ഫീൽ ചെയ്തില്ല. അതേപോലെ ഒരു കാര്യം തന്നെ വീണ്ടും വീണ്ടും പറയുന്നതിലെ ആവർത്തന വിരസതയും സിനിമയെ പിന്നോട്ട് വലിച്ചു. എന്നാൽ സെക്കൻ്റ് ഹാഫ് താരതമ്യേന കുറേക്കൂടി എൻഗേജിങ് ആയിരുന്നു.
ലാഗ് അടിപ്പിച്ച അനാവശ്യ സീനുകൾ കൊണ്ട് സിനിമ പലയിടത്തും പറയാൻ ഉദ്ദേശിച്ച വിഷയത്തിൻ്റെ ഗൗരവം നഷ്ടപ്പെടുത്തി കളഞ്ഞു. അതിൽ തന്നെ എടുത്ത് പറയേണ്ടത് നായകനും നായികയും തമ്മിലുള്ള റൊമാൻ്റിക് സീനുകളാണ്. സിനിമയുടെ ലെങ്ത് കൂട്ടാൻ അല്ലാതെ യാതൊരു കാര്യവും അതുകൊണ്ട് ഉണ്ടായില്ല.
കാസ്റ്റിങ്ങിലെ പാളിച്ചകൾ - ഏറ്റവും വലിയ മിസ് കാസ്റ്റ് ശ്രീലീല അവതരിപ്പിച്ച 'രത്നമാല' എന്ന കഥാപാത്രം ആയിരുന്നു. എന്തിനോ വേണ്ടി ഒരു നായിക എന്ന നിലയിൽ മാത്രമാണ് എനിക്ക് തോന്നിയത്. പെർഫോം ചെയ്യാനുള്ള സീനുകൾ ഉണ്ടായിട്ട് പോലും അതിനെ പുൾ ഓഫ് ചെയ്യാൻ കഴിയാതെ പോയി. നെഗറ്റീവ് റോളിൽ വന്ന രവി മോഹനും ജസ്റ്റ് ഒരു ഡീസൻ്റ് പെർഫോമൻസ് മാത്രമാണ്. ഇവർക്ക് ഒപ്പം ഒരുപിടി കാമിയോ റോളുകളിൽ നമ്മുടെ ബേസിൽ ജോസഫ് ഉൾപ്പെടെ കുറച്ചുപേർ വന്ന് പോകുന്നുണ്ട്.
കൈവിട്ട് പോയ ക്ലൈമാക്സ് – പേഴ്സണലി എനിക്ക് തീരെ വർക്ക് ആകാതെ പോയി. അതുവരെ റിയലിസ്റ്റിക് ആയി പോകുന്ന സിനിമ ക്ലൈമാക്സിലേക്ക് വരുമ്പോൾ ലേശം ഓവർ ആയി പോയത് പോലൊരു ഫീൽ. പക്ഷേ എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല.
എൻ്റെ അഭിപ്രായം
പറയാൻ ഉദ്ദേശിച്ച വിഷയത്തിൻ്റെ ഗൗരവം കൊണ്ടും ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ അതിനുള്ള പ്രസക്തി കൊണ്ടും നല്ലൊരു ശ്രമം എന്നതിൽ കവിഞ്ഞ് മറ്റൊന്നും ഡെലിവർ ചെയ്യാനില്ലാതെ പോകുന്ന സിനിമ എനിക്ക് ശരാശരിയോ അതിന് മുകളിലോ മാത്രമുള്ള ഒരനുഭവം ആയിരുന്നു. സുധ കൊങ്കാര സിനിമ എന്ന നിലയിൽ കണ്ടത് കൊണ്ടാവണം ഞാൻ പ്രതീക്ഷിച്ച ലെവലിലേക്ക് സിനിമ വന്നില്ല. എന്നാൽ ഒരു പക്കാ ബോർ പടം എന്നും പറയാൻ പറ്റില്ല. മേക്കിങ് ക്വാളിറ്റി കൊണ്ട് സിനിമ ഒരു തിയേറ്റർ സ്റ്റഫ് ആണ്. താൽപ്പര്യം ഉള്ളവർക്ക് കണ്ടുനോക്കാം.
#Naaz373 😊

Comments
Post a Comment