ആശകൾ ആയിരം (2025)
സംവിധാനം:- ജി പ്രജിത്ത്
ഒരിടവേളക്കുശേഷം നമ്മുടെ ജയറാമേട്ടൻ മലയാളത്തിലേക്ക് തിരിച്ചുവരവിന് വേണ്ടി ഒരു സിനിമ ചെയ്യുന്നു ഒപ്പം മകൻ്റെ വേഷത്തിൽ കാളിദാസ് ജയറാമും എത്തുന്നു എന്നൊരു പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എൻ്റെ വീട് അപ്പൂൻ്റെം തുടങ്ങിയ സിനിമകളിൽ നമ്മൾ ഈ അച്ഛൻ മകൻ കോമ്പിനേഷൻ കണ്ടിട്ടുണ്ട് എങ്കിലും വളരെക്കാലത്തിനുശേഷം ഇങ്ങനെ ഒരു റീ ഇൻട്രോ തീർത്തും എന്നെ എക്സൈറ്റഡ് ആക്കിയിരുന്നു.
ഇനി സിനിമയിലേക്ക് വരാം. ഹരിഹരൻ എന്ന മിഡിൽ ക്ലാസ് ഫാമിലി മാൻ ആയ അച്ഛൻ, അയാളുടെ സിനിമാ ഭ്രാന്ത് ഉള്ള മകൻ അജീഷ് ഹരിഹരൻ, ഹരിഹരൻ്റെ വീട്ടമ്മയായ ഭാര്യ ആശയും ഒരു മകളും അടങ്ങുന്ന ചെറിയൊരു കുടുംബം, അവർക്കിടയിലെ സ്നേഹം, സന്തോഷം, പിണക്കം, പരിഭവം തുടങ്ങിയ എല്ലാ ഫാമിലി ഇമോഷൻസും ചേർന്ന ഒരു കംപ്ലീറ്റ് ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നർ ആണ് ആശകൾ ആയിരം.
പോസിറ്റീവ്
പുത്തൻ ഭാവങ്ങളിൽ പുതിയ ജയറാം 😍
അതെ, പറഞ്ഞ് പഴകിയ വിൻ്റേജ് ജയറാം ആയിട്ട് മാത്രമല്ല, മുതിർന്നൊരു മകനും മകളും ഉള്ളൊരു കുടുംബത്തിൻ്റെ ഉത്തരവാദിത്തവുമുള്ള നല്ലൊരു അച്ചൻ കഥാപാത്രം ആയി ഗംഭീര പ്രകടനം തന്നെ ആയിരുന്നു ഇങ്ങേര് കാഴ്ച വെച്ചത്. സിനിമയുമായി പ്രേക്ഷകർക്ക് ഒരു ഇമോഷണൽ കണക്ഷൻ ഉണ്ടാക്കാനും ജയറാം ഏട്ടൻ്റെ ക്യാരക്ടർ വലിയൊരു കാരണം ആണ്. ആശ ശരത് അവതരിപ്പിച്ച ഭാര്യയും ഒപ്പത്തിന് നിന്ന് അവരുടെ റോളിൽ തിളങ്ങി. പഴയ ജയറാം സിനിമകളിലെ മാനറിസങ്ങളും സിനിമയിൽ കാണാം. ഒരു സെൽഫ് ട്രോൾ സീനുണ്ട് സിനിമയിൽ, അതൊക്കെ തിയേറ്ററിൽ കാണാൻ വേറെ ലെവൽ വൈബ് ആയിരുന്നു. ജയറാം എന്ന നടനിലെ പ്രതിഭ എവിടെയും പോയിട്ടില്ല എന്ന് അടിവരയിട്ട് പറയുന്ന ലെവൽ പെർഫോമൻസ് എന്ന് നിസ്സംശയം പറയാം.
ഒപ്പം അഭിനയിച്ച ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, അഖിൽ NRD, ആനന്ദ് മന്മഥൻ, ചെറിയൊരു സീനിൽ വന്ന് പോയ രമേശ് പിഷാരടി വരെ അവരവരുടെ റോളുകൾ മികച്ചതാക്കി. കാളിദാസ് ജയറാമിൻ്റെ പെർഫോമൻസിനെ കുറിച്ച് പിന്നീട് പറയാം.
ടോപ് ക്വാളിറ്റി മേക്കിങ് & ടെക്നിക്കൽ ടീം
സിനിമയുടെ മൂഡിന് അനുസരിച്ചുള്ള വിഷ്വൽസ് സെറ്റ് ചെയ്യാൻ ഷാജി കുമാറിൻ്റെ സിനിമാറ്റോഗ്രഫിക്ക് കഴിഞ്ഞു. സനൽ ദേവിൻ്റെ പാട്ടുകളും, ബിജിഎം നന്നായിരുന്നു. പഴയ പാട്ടുകൾ പ്ലേസ് ചെയ്തത് ഒക്കെ നൈസ് ആയിരുന്നു. ഡാൻസ് കോറിയോഗ്രാഫിയും കിടിലൻ ആയിരുന്നു. പ്രത്യേകിച്ച് ജയറാം ഏട്ടൻ്റെ പഴയ സിഗ്നേച്ചർ സ്റ്റെപ്പുകൾ ഒക്കെ റീ ക്രിയേറ്റ് ചെയ്തത് തിയേറ്ററിൽ വൻ ഓളം സൃഷ്ടിച്ചു. രണ്ടേകാൽ മണിക്കൂറിൽ സിനിമ ട്രിം ചെയ്ത് ഒതുക്കിയത് നന്നായി. ഫസ്റ്റ് ഹാഫ് കഴിഞ്ഞത് അറിഞ്ഞു പോലുമില്ല. അത്ര ഫാസ്റ്റ് പേസിങ്ങിൽ ആണ് എഡിറ്റർ ഷഫീഖ് സിനിമ എഡിറ്റ് ചെയ്തത്.
നെഗറ്റീവ്
കാളിദാസ് ജയറാം - ഒരു മിസ്കാസ്റ്റ് ???
കാളിദാസിൻ്റെ ആവശ്യം ഈ സിനിമയിൽ ഉണ്ടായിരുന്നോ എന്ന് പോലും തോന്നിപ്പിച്ച തരത്തിലുള്ള പ്രകടനം. അതിൽ തന്നെ ഏറ്റവും അരോചകമായി തോന്നിയത് പുള്ളിയുടെ വോയിസ് മോഡുലേഷനും ഡയലോഗ് ഡെലിവറിയുമാണ്. ഫസ്റ്റ് ഹാഫിൽ പക്വത ഇല്ലാത്ത കഥാപാത്രം ആയിരിക്കും എന്ന് കരുതിയപ്പോ സെക്കൻ്റ് ഹാഫിലും ഒടുവിലെ ക്ലൈമാക്സിലെ ഇമോഷണൽ സീനിൽ ഉൾപ്പെടെ പുള്ളിയുടെ അഭിനയം വൻ കോമഡി ആയിട്ടാണ് പേഴ്സണലി എനിക്ക് ഫീൽ ചെയ്തത്. അതിൽ തന്നെ ഏറ്റവും വലിയ തമാശ എന്തെന്നാൽ സിനിമയ്ക്ക് ഉള്ളിലെ സിനിമയ്ക്ക് വേണ്ടിയുള്ള ഓഡിഷൻ പോലൊരു പരിപാടിയിൽ അഭിനയിച്ച് കാണിക്കുമ്പോൾ പോലും കാളിദാസിൻ്റെ അഭിനയം കണ്ടിരിക്കാൻ പറ്റുന്നില്ല. പക്ഷേ സിനിമയിൽ ആ സീന് വൻ കയ്യടി ആയിരുന്നു. കണ്ടിരിക്കുന്നവർക്ക് കൂടി കയ്യടിക്കാൻ തോന്നണ്ടേ...???
പുള്ളിയുടെ 'പാവ കഥകൾ', 'പുത്തൻ പുതു കാലയ്' തുടങ്ങിയ തമിഴ് വെബ് സീരീസുകളിലെ പെർഫോമൻസ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനങ്ങൾ. സിനിമയിൽ ഒരു സീനിൽ അച്ഛൻ കഥാപാത്രം ആയ ജയറാമേട്ടൻ തന്നെ കാളിദാസിനോട് പറയുന്ന ഒരു ഡയലോഗ് ആണ് എനിക്കും പറയാനുള്ളത് — 'അഭിനയത്തിൻ്റെ കാര്യത്തിൽ നീ ലേശം കൂടി മൂക്കണം...'
കാളിദാസ് വരും സിനിമകളിൽ ഇംപ്രൂവ് ചെയ്ത് 'അടിച്ച് കേറി വരട്ടെ' എന്ന് മാത്രം പറഞ്ഞ് കൊണ്ട് വാക്കുകൾ ചുരുക്കുന്നു.
എൻ്റെ അഭിപ്രായം
ആകെ മൊത്തത്തിൽ ജയറാം എന്ന നടൻ്റെ നല്ലൊരു കഥാപാത്രം, അങ്ങേരുടെ മികച്ച പ്രകടനം, ഒപ്പം മേമ്പൊടിയ്ക്ക് കുറച്ച് ഫാമിലി സെൻ്റിമെൻസും ചേർന്നുള്ള ഒരു കംപ്ലീറ്റ് ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നർ ആണ് ആശകൾ ആയിരം. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട എല്ലാ ചേരുവകളും ഉള്ള ഒരു കൊച്ചു കുടുംബ ചിത്രം. തിയേറ്ററിൽ പോയി കണ്ടാൽ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല എന്നതിന് ഞാൻ ഗ്യാരണ്ടി.
#Naaz373 😊

Comments
Post a Comment