CHAPTER 01 - അജണ്ടയ്ക്ക് പിന്നിലെ അജണ്ടകൾ
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം എന്ന നിലയിൽ ധുരന്ധർ എക്കാലവും ഓർമിക്കപ്പെടുന്നതും കൂടുതൽ ആളുകളിലേക്ക് എത്തുകയും ചെയ്യുന്ന ഒരു സിനിമ എന്ന നിലയ്ക്ക് ഈ ചിത്രം എന്തുകൊണ്ട് ഒരു പൊളിറ്റിക്കൽ അജണ്ട വെച്ചുകൊണ്ട് കാര്യങ്ങളെ സമീപിക്കുന്ന സിനിമയായി ചിലർക്ക് എങ്കിലും തോന്നിയിട്ടുണ്ട്. അതിൻ്റെ സത്യാവസ്ഥയെ അഡ്രസ് ചെയ്യാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്റ്.
ഓരോ കാലത്തെ കലയും ആ കാലത്തെ രാഷ്ട്രീയ നേതൃത്വത്തെ കൂടിയാണ് പലപ്പോഴും പ്രതിനിധാനം ചെയ്യുന്നത്. മൻമോഹൻ സിങ് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ബോളിവുഡിലെ ചർച്ചയായി മാറിയ ചിത്രങ്ങൾ 'ചക്ദേ ഇന്ത്യയും', 'മൈ നെയിം ഈസ് ഖാനും' പോലെയുള്ളവയാണ്.
ആത്യന്തികമായി മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേർതിരിവിനെതിരെയും, മാനവ സ്നേഹത്തെ കുറിച്ചും വിശ്വ സഹോദര്യത്തെക്കുറിച്ചുമൊക്കെ സംസാരിക്കാൻ അവയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മോദി യുഗത്തിൽ ബോളിവുഡിൽ നിന്നും അത്തരം ചിത്രങ്ങൾ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല വെറുപ്പ് വിതയ്ക്കുന്ന 'കശ്‌മീർ ഫയൽസും', 'കേരളാ സ്റ്റോറിയും' പോലെ ധാരാളം സിനിമകൾ ഉണ്ടാകുന്നുമുണ്ട്.
അവയ്ക്ക് സർക്കാർ തന്നെ പ്രത്യക്ഷത്തിൽ പിന്തുണ നൽകുകയും പുരസ്‌കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യുന്നുണ്ട്.
മികച്ച സംവിധാനവും, അഭിനയവും, ഗാനങ്ങളുമൊക്കെയായി വന്ന് ബോക്സ്ഓഫീസിലും വിജയമായ ധുരന്ധർ നിർഭാഗ്യവശാൽ അത്തരമൊരു പ്രൊപ്പഗാണ്ട സ്വഭാവമുള്ള ചിത്രമാണ് എന്ന് തന്നെ പറയേണ്ടി വരും.
CHAPTER 02 - ഒളിച്ചു കടത്തുന്ന രാഷ്ട്രീയം
ഏറ്റവും ലളിതമായ ഭാഷയിൽ സിനിമയുടെ രാഷ്ട്രീയ കഥയെ വിശദീകരിച്ചാൽ, ബി.ജെ.പി അധികാരത്തിൽ വരുന്നതിന് മുൻപ് തീവ്രവാദത്തിനെതിരെ ചെറുവിരൽ പോലും അനക്കാൻ കഴിയാതിരുന്ന ഒരു രാജ്യമായിരുന്നു ധുരന്ധർ യൂണിവേഴ്സിലെ ഇന്ത്യ. യു.പി.എ കാലത്തെ ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പടെ തീവ്രവാദികളുമായി ചേർന്ന് രാജ്യത്തെ ഒറ്റുകൊടുത്തിരുന്നു.
പാവം അജിത് ഡോവൽ ഈ കാലത്തെല്ലാം ഒരു നേതൃത്വ മാറ്റം ഉണ്ടാക്കാനായി വീർപ്പുമുട്ടിയിരിക്കുകയായിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിൻ്റെയും നോട്ടിന്റെ അച്ചുകൾ യു.പി.എ മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ പാകിസ്ഥാൻ തീവ്രവാദികൾക്ക് എത്തിച്ചു നൽകുന്നതായും സിനിമ കാണിക്കുന്നു. മിക്കവാറും രണ്ടാം ഭാഗത്തിൽ ഇതിനെ ചെറുക്കാനായിട്ടാണ് മോദിജി നോട്ട് നിരോധിച്ചതെന്ന ന്യായീകരണം കാണാം.
പൊതുവേ സിനിമകളിലെ ഗുഡ് മുസ്‌ലിം - ബാഡ് മുസ്‌ലിം ചിത്രീകരണം വിമർശന വിധേയമാകാറുണ്ട്. ദോഷം പറയരുതല്ലോ, ധുരന്ധർ യൂണിവേഴ്സിൽ പേരിന് പോലുമൊരു ഗുഡ് മുസ്‌ലിമില്ല എന്നതും ശ്രദ്ധേയമാണ്.
വഴിയിൽ കാണുന്ന പുരുഷനെ വരെ റേപ്പ് ചെയ്യുന്ന, മുസ്‌ലിങ്ങൾ മുതൽ ഓരോ മിനിറ്റിലും അല്ലാഹു അക്ബർ വിളിച്ച് തീവ്രവാദം നടത്താൻ സജ്ജമായിരിക്കുന്ന മുസ്ലിങ്ങളുടെ കമനീയ ശേഖരമാണ് ധുരന്ധർ യൂണിവേഴ്സ്.
സിനിമ അവസാനിക്കുന്നത് ഇത്രയും കാലത്തെ ഇന്ത്യയല്ല, ഇനി ശത്രുക്കളുടെ വീട്ടിൽ കയറി പ്രതികാരം ചെയ്യുന്ന ഇന്ത്യയാണ് വരാനിരിക്കുന്നതെന്ന മട്ടിൽ കേന്ദ്രത്തിൽ മോദി യുഗം തുടങ്ങുന്നത് സൂചിപ്പിച്ചാണ്.
CHAPTER 03 - ഭിന്നിപ്പിൻ്റെ രാഷ്ട്രീയം
1971ൽ പാകിസ്ഥാനിൽ കയറി ആ രാജ്യം രണ്ടാക്കി ബംഗ്ലാദേശ് സൃഷ്‌ടിച്ചൊരു ഇന്ത്യ അതിന് മുൻപ് തന്നെ ഇവിടെയുണ്ടായിരുന്നു എന്ന് സംഘികൾ അംഗീകരിക്കില്ല.
2014ൽ മോദി ഭരണം വന്നതിന് ശേഷവും രാജ്യത്ത് ചെറുതും വലുതുമായ നൂറ് കണക്കിന് ആക്രമണങ്ങൾ ഉണ്ടായതും സിനിമയുടെ അണിയറ പ്രവർത്തകർ അറിഞ്ഞിട്ടില്ല.
സ്വന്തം രാജ്യത്തെ സംസ്ഥാനമായ മണിപ്പൂർ കലാപ ഭൂമിയായപ്പോൾ വർഷങ്ങളെടുത്തു, പ്രധാനമന്ത്രിക്ക് അവിടേക്ക് തിരിഞ്ഞ് നോക്കാനെന്ന വസ്‌തുതയും ധുരന്ധർ യൂണിവേഴ്സിന് അറിവില്ല.
ചുരുക്കത്തിൽ, ഒറ്റ നോട്ടത്തിൽ പ്രൊപ്പഗാണ്ട സിനിമയാണെന്ന തോന്നലുണ്ടാകാത്ത വിധത്തിൽ പൊതിഞ്ഞു അവതരിപ്പിച്ചിരിക്കുകയാണ് ധുരന്ധർ. പക്ഷേ ഇത്തരം പൊതിഞ്ഞു അവതരിപ്പിക്കലുകളാണ് നേരിട്ടുള്ള പ്രഖ്യാപനങ്ങളേക്കാൾ അപകടകരം.
അക്ഷയ് ഖന്നയെ പോലെയുള്ള മികച്ച അഭിനേതാക്കളുടെ ഗംഭീര പെർഫോമൻസുകൾ കൂടിയാകുമ്പോൾ പ്രേക്ഷകർ പോലുമറിയാതെ ആ നറേറ്റീവ് അവരിലേക്ക് കുത്തിവയ്ക്കാനുള്ള മാരകശേഷി ചിത്രത്തിനുണ്ട്.
#Naaz373 😊

Good
ReplyDeleteThanks for your valuable feedback 🙂
Delete