DHURANDHAR THE REVENGE (2026) HINDI MOVIE REVIEW

 


DHURANDHAR - THE REVENGE (2026)

A FILM BY ADITYA DHAR


പ്രീമിയർ ഷോ ക്യാൻസൽ ആയത് കൊണ്ടും മറ്റ് ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സിനിമ കാണാൻ കുറച്ച് വൈകിപ്പോയത്. 

ധുരന്ധർ ഒന്നാം ഭാഗം എങ്ങനെ അവസാനിച്ചോ, അതുവരെയുള്ള സംഭവങ്ങൾക്ക് പിന്നിലുള്ള രഹസ്യങ്ങളുടെ ചുരുൾ അഴിച്ചു വിടുന്നതും ബാക്കിയുള്ള എതിരാളികളെ Jaskirat Singh Rangi aka Hamza Ali Mazari എന്ന നമ്മുടെ നായകൻ രൺവീർ സിങ് നേരിടുന്നതും അയാളുടെ കഴിഞ്ഞ കാല ജീവിതം, കുടുംബം, അതിനുള്ളിൽ സംഭവിച്ച പ്രതിസന്ധികൾ, ഒടുവിൽ അതിൻ്റെ പ്രതികാരം ഇവയെല്ലാമാണ് ഈ രണ്ടാം ഭാഗത്തിൽ പറയുന്നത്. 

സിനിമയെന്ന നിലയ്ക്കും സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം സംസാരിക്കുന്ന സിനിമ എന്ന നിലയിലും ഈ ചിത്രത്തെ കുറിച്ച് പറയേണ്ടിയിരിക്കുന്നു. ആദ്യ ഭാഗത്തിൽ പരോക്ഷമായി പറഞ്ഞ പല കാര്യങ്ങളും രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ വളരെ ഓപ്പണായി സംവിധായകൻ പറഞ്ഞു പോകുന്നുണ്ട്. പക്ഷേ സാധാരണക്കാർ സിനിമ പറയുന്ന പല കാര്യങ്ങളും അതേപടി വിശ്വസിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കാരണം അത്രയ്ക്ക് Blend ചെയ്താണ് പല രാഷ്ട്രീയ സംഭവ വികാസങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്തായാലും അത് വർക്ഔട്ട് ആയിട്ടുണ്ട് എന്ന് പറയാം.

രാഷ്ട്രീയം വിട്ട് നമുക്ക് സിനിമയെക്കുറിച്ച് സംസാരിക്കാം.


പോസിറ്റീവ് 👍

* രൺവീർ സിങ് - വൺ മാൻ ഷോ 🔥👌

ആദ്യ ഭാഗത്തിൽ അക്ഷയ് ഖന്നയുടെ വില്ലൻ കഥാപാത്രം കയ്യടി നേടിയപ്പോൾ ഇത്തവണ സംവിധായകൻ നായകനായ രൺവീറിന് കൂടുതൽ ഹീറോയിസം, മാസ്സ് അപ്പീലും കൊടുത്തിട്ടുണ്ട്. അതുപോലെ തന്നെ ആ കഥാപാത്രത്തിൻ്റെ പല ക്യാരക്ടർ ഷേഡുകളും ഇമോഷണൽ ലെയറുകളും കൊടുത്തു കൊണ്ടാണ് എഴുതിയിരിക്കുന്നത്. അത് ഗംഭീരമായി സ്ക്രീനിൽ എത്തിക്കാൻ രൺവീറിന് കഴിഞ്ഞു. പ്രത്യേകിച്ച് ഫ്ലാഷ്ബാക്കിലെ ഫാമിലി ഇമോഷണൽ രംഗങ്ങൾ ഒക്കെ പുള്ളി കിടിലൻ ആയി തന്നെ പെർഫോം ചെയ്തിട്ടുണ്ട്. 

* ആദിത്യ ധറിന്റെ എഴുത്ത് + സംവിധാന മികവ് 🤗 

ഒരുപാട് ലെയറുകൾ കൊടുത്ത് കൊണ്ടുള്ള നായകൻ്റെ ക്യാരക്ടർ സ്കെച്ച് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അത് നമുക്ക് കണക്റ്റ് ആയാൽ മാത്രമേ സിനിമ വർക്ക് ആവുകയുള്ളൂ. അത് കൃത്യമായി മേക്കിങ് ക്വാളിറ്റി കൊണ്ടും സ്ക്രിപ്റ്റ് കൊണ്ടും പ്രേക്ഷകനും ആയി കണക്ട് ചെയ്യിക്കാൻ സംവിധായകന് കഴിഞ്ഞു. 

* കാസ്റ്റിങ് & പെർഫോമൻസുകൾ 💥👌

അക്ഷയ് ഖന്ന ഒഴികെ ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാവരും തന്നെ ഇതിലുമുണ്ട്. ആദ്യ ഭാഗത്തിലേത് പോലെ തന്നെ എല്ലാവരും മികച്ച പ്രകടനം. അതിൽ തന്നെ എടുത്തു പറയേണ്ടത് 'അജയ് സന്യാൽ' ആയി വന്ന മാധവന്റെ കഥാപാത്രം ആണ്. സ്ക്രീൻ ടൈം കുറവാണെങ്കിലും പുള്ളി വന്ന സീനെല്ലാം കിടിലൻ ആയിരുന്നു. ആ കഥാപാത്രം തന്നെയാണ് നായകനെയും സിനിമയെയും നിയന്ത്രിക്കുന്നത് എന്ന് വേണമെങ്കിലും പറയാം. അതുപോലെ 'ജമീൽ ജമാലി' ആയി വന്ന രാകേഷ് ബേദി എന്ന നടനും മികച്ച റോളിൽ തിളങ്ങി. ക്ലൈമാക്സിലെ ഒരു സർപ്രൈസ് എൻട്രിയുണ്ട്. നൈസ് ആയിരുന്നു.

വേറെയും സർപ്രൈസ് ആയി വരുന്ന ചില പുതിയ കഥാപാത്രങ്ങളുണ്ട്. അത് നിങ്ങൾ കണ്ട് തന്നെ അറിയുക.

പക്ഷേ ചില കഥാപാത്രങ്ങളെ വേണ്ട വിധത്തിൽ സിനിമ യൂസ് ചെയ്തോ എന്നൊരു സംശയം ബാക്കിയാണ്. അതിനെക്കുറിച്ചു നെഗറ്റീവ് പറയുമ്പോൾ വിശദമായി പറയാം. 

* മേക്കിങ് ക്വാളിറ്റി & ടെക്നിക്കൽ പരിപാടികൾ ⚡

സിനിമയിലെ ഓരോ ആക്ഷൻ സീക്വൻസുകളും, അതുപോലെ അതിലേക്ക് കഥയെ കൊണ്ടെത്തിക്കുന്ന രീതിയും നൈസ് ആയിരുന്നു. ഷൂട്ടൗട്ട് സീനുകൾ, ബോംബ് ബ്ലാസ്റ്റ് സീൻസ് അങ്ങനെ എല്ലാ ടെക്നിക്കൽ പരിപാടികളും ടോപ് തന്നെ. അതുകൊണ്ടാണ് 4 മണിക്കൂർ സിനിമ ഒരിക്കൽ പോലും ലാഗോ ബോറിംഗോ ആയി തോന്നാതിരുന്നത്.

* ശാശ്വത് സച്ച്ദേവ് ൻ്റെ മ്യൂസിക് & ബാക്ക്ഗ്രൗണ്ട് സ്കോർ 📈💥

റെട്രോ സോങ്സിൻ്റെ പ്ലേസ്മെൻ്റ്, മറ്റുള്ള മ്യൂസിക് ട്രാക്ക്സ്, ഒപ്പം ഓരോ സീനുകളെയും എലിവെയ്റ്റ് ചെയ്യിക്കാൻ പറ്റുന്ന ലെവൽ ബിജിഎം കൊണ്ട് ഇത്തവണയും തകർത്തിട്ടുണ്ട്.  


നെഗറ്റീവ് 👎

* ചിലയിടങ്ങളിൽ മുഴച്ചു നിന്ന പൊളിറ്റിക്കൽ വെളുപ്പിക്കലുകൾ 🙏🤣

ആദ്യ ഭാഗത്തിൽ ഒരു മയത്തിൽ പറഞ്ഞ പല രാഷ്ട്രീയ നിലപാടുകളും സംഭവങ്ങളും ഇവിടെ തുറന്നടിച്ചു കാണിക്കുകയും പറയുകയും ചെയ്യുന്നുണ്ട് നമ്മുടെ സംവിധായകൻ. ഇതാണ് എന്റെ നിലപാട്, ഇതാണ് എന്റെ രാഷ്ട്രീയം എന്ന് വ്യക്തമായി തന്നെ പറഞ്ഞ് വെക്കുന്നു. സിനിമയിൽ രാഷ്ട്രീയം പറയുന്നതിൽ തെറ്റില്ല. പക്ഷേ പറയുന്നത് നൂറ് ശതമാനം സത്യസന്ധം ആയിരിക്കണം എന്ന് മാത്രം. പ്രത്യേകിച്ച് ഇതുപോലെ ഒരു റിയൽ ലൈഫ് ബേസ് ചെയ്ത സിനിമയിൽ. അല്ലെങ്കിൽ അത് പല വിധത്തിലുള്ള വ്യാഖ്യാനങ്ങൾക്കും പൊതുജനത്തിന് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂ. ടെക്നിക്കൽ ക്വാളിറ്റി കൊണ്ട് ഒരുപരിധി വരെ തൻ്റെ രാഷ്ട്രീയം മനോഹരമായി പ്രസെൻ്റ് ചെയ്യാൻ ആദിത്യ ധറിന് കഴിഞ്ഞു. പക്ഷേ പൊതുജനങ്ങൾ എല്ലാവരും മണ്ടന്മാരല്ല എന്ന് ഓർമപ്പെടുത്തുന്നു. സിനിമ എന്ന നിലയിൽ മികച്ച ഒരു പ്രൊഡക്ട് നിങ്ങൾ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ അതിനുള്ളിൽ നിങ്ങൾ കുത്തിനിറച്ച 'മയക്കു മരുന്ന്' ഇവിടുത്തെ പ്രബുദ്ധരായ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. അത് മറക്കാതിരിക്കുക. നാളെ ഇത് നിങ്ങൾക്കെതിരെ മറ്റൊരു സിനിമ ആയി വന്നാൽ അതിനെ സ്വീകരിക്കാനും സാധിക്കണം. അല്ലാതെ അവിടെ സെൻസർ ബോർഡിനെ ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാൻ നോക്കരുത്...🙏

* വീക്ക് ആയിപ്പോയ വില്ലന്മാർ 🥲

റഹ്മാൻ ഡെകേത് നെ പോലൊരു അന്യായ വില്ലൻ്റെ കുറവ് ഇത്തവണ നന്നായി അറിയാൻ ഉണ്ടായിരുന്നു. അതിനൊപ്പം നെഗറ്റീവ് കഥാപാത്രങ്ങളായി വന്ന അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവരെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല എന്ന് കൂടി പറയേണ്ടി വരും. ലാസ്റ്റ് ചാപ്റ്റർ ആയ REVENGE ൽ വില്ലനെ യാതൊരു വിധ ബുദ്ധിമുട്ടും ഇല്ലാതെ വക വരുത്തുന്ന നായകനെ കണ്ടപ്പോൾ തീർത്തും നിരാശ തോന്നി. നായകനൊപ്പം കട്ടയ്ക്ക് നിൽക്കാൻ കെല്പുള്ള വില്ലൻ തന്നെ ആയിരുന്നു അർജുൻ രാംപാൽ അവതരിപ്പിച്ച മേജർ ഇക്ബാൽ എന്ന കഥാപാത്രം. അത് നാം ആദ്യ ഭാഗത്തിൽ കണ്ടതുമാണ്. പക്ഷേ ഇവിടെ തീർത്തും ദുർബലമായ വില്ലനായി മാറുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഭാഗത്തിൽ ഉള്ളതിൻ്റെ പകുതി പോലും പെർഫോം ചെയ്യാനുള്ള സ്പേസ് ഇവർ രണ്ടുപേർക്കും സിനിമയിൽ കിട്ടിയില്ല എന്നാണ് എനിക്ക് ഫീൽ ചെയ്തത്. 

* എൻ്റെ അഭിപ്രായം 🍿

സിനിമയെന്ന നിലയിൽ ഒരു ഗംഭീര അനുഭവം തന്നെയാണ് ധുരന്ധർ രണ്ടാം ഭാഗം. കിടിലൻ ആക്ഷൻ സീക്വൻസുകളും, മാരക വയലൻസ് പരിപാടികളും, വൻ ടെക്നിക്കൽ പരിപാടികളും ഒപ്പം കുറച്ച് രാജ്യസ്നേഹവും, രാഷ്ട്രീയ ചായ്‌വുകളും യാതൊരു മടിയും കൂടാതെ തുറന്ന് പറയുന്ന ഒരു പ്രതികാര സിനിമയാണ് ധുരന്ധർ 2. സിനിമയ്ക്കുള്ളിലെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നതിനോടൊപ്പം, സിനിമ എന്ന നിലയിൽ എനിക്ക് കിട്ടിയ മികച്ച തിയേറ്റർ എക്സ്പീരിയൻസ് കൂടിയാണ് ഈ ചിത്രം എന്നും കൂട്ടിച്ചേർക്കുന്നു. 


#Naaz373 😊

Comments