I, NOBODY (2026) MALAYALAM MOVIE REVIEW

 


I, NOBODY (2026)

A Film by Nisam Basheer 

കേട്ട്യോളാണ് എൻറെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത് സമീർ അബ്ദുൽ തിരക്കഥ എഴുതി പൃഥ്വിരാജ്, പാർവതി തിരുവോത്ത്, അശോകൻ, ഹക്കീം ഷാ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു ഇന്ന് റിലീസായ ചിത്രമാണ് ഐ നോബഡി. 

റോഷാക്ക് എന്ന ഒറ്റ സിനിമ മാത്രം മതി നിസാം ബഷീർ എന്ന ബ്രില്യൻ്റ് ഡയറക്ടറുടെ ക്രാഫ്റ്റ് എന്താണെന്ന് മനസ്സിലാക്കാൻ. അതുകൊണ്ട് തന്നെയാണ് ഞാൻ ഈ സിനിമയ്ക്ക് ഫസ്റ്റ് ഡേ തന്നെ ടിക്കറ്റ് എടുത്തത്. 

സിനിമയിലേക്ക് വന്നാൽ — ഒരു സാധാരണ സർക്കാർ ജീവനക്കാരനായ രാജീവൻ ഒരു ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട സംഭവത്തിൽ അപ്രതീക്ഷിതമായി കുടുങ്ങുന്നു. കുറ്റവാളിയെന്ന് പൊലീസും സമൂഹവും മുദ്രകുത്തപ്പെടുന്ന അയാൾ തന്റെ നിരപരാധിത്വം തെളിയിക്കാനും കുടുംബത്തെ രക്ഷിക്കാനും നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ കഥ വെറും ഹീസ്റ്റ് ആക്ഷൻ ത്രില്ലർ എന്ന് മാത്രം പറഞ്ഞ് ഒതുക്കാൻ കഴിയില്ല. അതിനൊപ്പം വ്യക്തി, കുടുംബം, അധികാരം, സമൂഹ മാധ്യമങ്ങൾ, രാഷ്ട്രീയ മുതലെടുപ്പ്, എന്നിവയും ഇതിൽ പ്രധാന വിഷയങ്ങളാണ്. ഇതൊക്കെ ഒരു സിനിമയിൽ തന്നെ ഒന്നിച്ച് പറയാൻ ശ്രമിച്ചത് മൂലം സിനിമയ്ക്ക് അത് ഒരേസമയം ഗുണവും ദോഷവുമായി മാറി എന്നും പറയാം. 

പോസിറ്റീവ് 👍 

നിസാം ബഷീർ സ്റ്റൈൽ ഓഫ് മേക്കിങ് ❤️📈

തുടക്കത്തിലെ പ്രൊഡക്ഷൻ ഹൗസ് ക്രെഡിറ്റ് സീൻ മുതൽ പിന്നീട് സിനിമയുടെ ടൈറ്റിൽ കാണിക്കുന്ന സീൻ, ഇൻ്റർവെൽ ബ്ലോക്ക്, അങ്ങനെ പല സീനുകളിലും ഈയൊരു അവതരണ മികവ് കാണാൻ കഴിയും. സിനിമയുടെ പല പോരായ്മകളും പ്രശ്നങ്ങളും മറികടക്കാൻ മേക്കിങ് ക്വാളിറ്റി ഒരുപരിധിവരെ സിനിമയെ സഹായിച്ചിട്ടുണ്ട്. 

വേറിട്ടൊരു പൃഥ്വിരാജ് സുകുമാരൻ ഷോ 😍

ഈയടുത്ത് കണ്ടതിൽ വെച്ച് ഒരുപാട് ഇഷ്ടപ്പെട്ട പെർഫോമൻസുകളിൽ മുന്നിൽ ഉണ്ടാകും ഈ സിനിമയിലെ രാജീവൻ എന്ന കഥാപാത്രം. ആ ക്യാരക്ടർ വളരെ മികച്ച രീതിയിൽ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ പുള്ളിക്ക് കഴിഞ്ഞു. ഒരേസമയം ഒരുപാട് സങ്കീർണമായ സാഹചര്യങ്ങളിൽ കൂടി കടന്ന് പോകേണ്ടി വരുന്ന തികച്ചും സാധാരണക്കാരനായ, എന്നാൽ വളരെ അസാധാരണമായ രീതികളും കാഴ്ചപ്പാടുകളുമുള്ള രാജീവൻ എന്ന കഥാപാത്രം പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ്റെ കൈകളിൽ ഭദ്രമായിരുന്നു. അതിനെ ഗംഭീരമായി അവതരിപ്പിച്ചു കയ്യടി നേടാനും സാധിച്ചു. ഒപ്പം ഭാര്യയുടെ വേഷത്തിൽ എത്തുന്ന പാർവതിയും മക്കളുടെ റോളിൽ എത്തിയ പേരറിയാത്ത രണ്ട് പെൺകുട്ടികളും മികച്ച പ്രകടനം കാഴ്ച വെച്ചു. ബാക്കിയുള്ള അഭിനേതാക്കളും അവരുടെ റോളുകൾ മികച്ചതാക്കി. 

ത്രസിപ്പിക്കുന്ന ആക്ഷൻ സിക്വൻസുകൾ 💥👌

എനിക്ക് തോന്നുന്നു സിനിമയിൽ ഓരോ പതിനഞ്ച് മിനിറ്റ് കൂടുമ്പോഴും ഒരു അടി പൊട്ടുന്നുണ്ട്. ലിഫ്റ്റിനുള്ളിൽ, ബസിനുള്ളിൽ, പോലീസ് സ്റ്റേഷനിൽ, നടുറോഡിൽ അങ്ങനെ നായകൻ എവിടെയൊക്കെ പോകുന്നോ അവിടെയെല്ലാം അടി പൊട്ടുന്നുണ്ട്. എന്നാൽ ഓരോ ഫൈറ്റ് സീനുകളും ഒന്നിനൊന്നു വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചു സിനിമയെ കൂടുതൽ എൻഗേജിങ് ആക്കാൻ ആക്ഷൻ സീനുകൾ വഹിക്കുന്ന ഇമ്പാക്ട് ചെറുതല്ല. യാനിക് ബെൻ, കലൈ കിങ്‌സൻ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ചേർന്നാണ് സിനിമയുടെ ഫൈറ്റ് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. എല്ലാം നല്ല ഇടിവെട്ട് ഐറ്റംസ് ആയിരുന്നു. 

ജയ്ക്‌സ് ബിജോയ് മ്യൂസിക് & ബിജിഎം 👌

സിനിമയുടെ ത്രില്ലിംഗ് മൂഡിന് ചേർന്ന് നിൽക്കുന്ന നൈസ് ബാക്ക്ഗ്രൗണ്ട് സ്കോറുകൾ ആയിരുന്നു. സോങ്‌സ് കൂടുതൽ ഹിന്ദിയിൽ ആയിരുന്നു. ഒരു മലയാള സിനിമയ്ക്ക് എന്തിനാണ് ഹിന്ദിയിൽ സോങ്‌സ് ചെയ്തത് എന്ന് മനസിലായില്ല എങ്കിലും പാട്ട് കേൾക്കാൻ സുഖമുണ്ടായിരുന്നു. 

ക്വാളിറ്റി ടെക്നിക്കൽ പരിപാടികൾ 🔥

ദിനേശ് പുരുഷോത്തമൻ ഒരുക്കിയ ഛായാഗ്രഹണം ഗംഭീരമായിരുന്നു. വിഷ്വൽ സ്റ്റോറി ടെല്ലിങിന് ഒരുപാട് സാധ്യതയുള്ള സിനിമ കൂടിയാണ് ഐ നോബഡി. റമീസിന്റെ കട്ട്‌സ് ആക്ഷൻ രംഗങ്ങൾ കൂടുതൽ മികവുറ്റതാക്കി. എഡിറ്റിംഗിലെ ചില പോരായ്മകൾ കൂടിയുണ്ട്. അത് വിശദമായി നെഗറ്റീവ് ഭാഗത്ത്‌ പറയാം. 

നെഗറ്റീവ് 👎

ട്രാക്ക് തെറ്റി ഓടുന്ന സിനിമ, 

പിന്നാലെ ഓടുന്ന നായകൻ, 

പിടിവിട്ട് പോകുന്ന പ്രേക്ഷകൻ 📉😴

ഞാൻ തുടക്കത്തിൽ പറഞ്ഞ പോലെ ആദ്യ പകുതിയിൽ ഒരു ഗംഭീര ആക്ഷൻ ഹീസ്റ്റ്‌ ത്രില്ലർ സെറ്റ് ചെയ്ത് വെച്ചിട്ട് രണ്ടാം പകുതിയിൽ സിനിമ വേറേതോ ദിശയിലേക്ക് വഴിതെറ്റി പോയത് പോലൊരു ഫീൽ ആയിരുന്നു. അതുവരെ കണ്ട സിനിമയുടെ മൊത്തം പാറ്റേൺ തന്നെ മാറിപ്പോയി. ഒപ്പം ഒടുക്കത്തെ വലിച്ച് നീട്ടലും ലാഗ് അടിപ്പിക്കുന്ന എഴുത്ത് കൂടി ആകുമ്പോൾ സിനിമ പലയിടത്തും കാണുന്ന പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നുണ്ട്. ക്ലൈമാക്സ് ഒക്കെ പക്കാ തട്ടിക്കൂട്ട് പോലെയാണ് ഫീൽ ചെയ്തത് എന്ന് പറയുന്നത് ആവും ശരി. ഒരിക്കലും നിസാം ബഷീർ x സമീർ അബ്ദുൽ കൂട്ടുകെട്ടിൽ നിന്നും ഇതുപോലെ പാതിവെന്ത ഒരു പ്രൊഡക്ട് അല്ല പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ സംഭവിച്ച പിഴവുകൾ മനസ്സിലാക്കി അടുത്ത ചിത്രത്തിൽ മികച്ച ഔട്ട്പുട്ട് കാഴ്ച വെക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. 

മൂന്ന് മണിക്കൂറോളം ദൈർഘ്യം വരുന്ന സിനിമയെ കുറേക്കൂടി ട്രിം ചെയ്തിരുന്നുവെങ്കിൽ സിനിമയുടെ രണ്ടാം പകുതി അത്യാവശ്യം നന്നായേനെ. ഇത് അനാവശ്യം ആയി വലിച്ചു നീട്ടിയത് സിനിമയുടെ ഒഴുക്കിനെ മൊത്തത്തിൽ ബാധിച്ചു. 

എൻ്റെ അഭിപ്രായം 🍿 

ആകെ മൊത്തത്തിൽ മികച്ച മേക്കിങ് + ആക്ഷൻസ് ഒക്കെയുള്ള ത്രില്ലിങ്ങായി പോയ ഒരു ഗംഭീര ആദ്യ പകുതിയും വലിച്ച് നീട്ടി വഴിതെറ്റിപ്പോയ രണ്ടാം പകുതിയും കൂടിച്ചേർന്ന് അവിയൽ പരുവം ആയിപ്പോയ, എന്നാലും ഒരു തവണ തിയേറ്ററിൽ കണ്ട് ആസ്വദിക്കാവുന്ന ഒരു ശരാശരിയ്ക്ക് മുകളിൽ മാത്രം നിൽക്കുന്ന ചിത്രമാണ് ഐ നോബഡി. രാജുവേട്ടൻ്റെ നല്ലൊരു പൊട്ടൻഷ്യൽ ഉണ്ടായിരുന്ന പെർഫോമൻസ് + ക്യാരക്ടർ കൂടി ഈ സിനിമ നിങ്ങൾക്ക് ഓഫർ ചെയ്യുന്നുണ്ട്. സ്വയം കണ്ട് വിലയിരുത്തുക. 

#Naaz373 😊

Comments