ആശ (2026)
സംവിധാനം :- സഫർ സനൽ
ഉർവശി ചേച്ചിയെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് വെറുതെയല്ലെന്ന് വീണ്ടും അടിവരയിട്ട് തെളിയിക്കുന്ന സിനിമ. 🔥
സിനിമ കണ്ടിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ മനസ്സിൽ നിൽക്കുന്നത് ഉർവശി ചേച്ചിയുടെ പ്രകടനം തന്നെയാണ്. വളരെ സങ്കീർണ്ണവും പല ലെയറുകളുമുള്ള ഒരു കഥാപാത്രത്തെ അതിന്റെ എല്ലാ മാനസിക തലങ്ങളോടും കൂടി ഇത്രയും സ്വാഭാവികമായി അവതരിപ്പിക്കാൻ പുള്ളിക്കാരിക്ക് കഴിഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന്റെ വികാരങ്ങളും, ഉള്ളിലെ സംഘർഷങ്ങളും, ചില സമയങ്ങളിലെ അപ്രതീക്ഷിതമായ പെരുമാറ്റങ്ങളുമെല്ലാം വളരെ കൃത്യമായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ചില രംഗങ്ങളിൽ അവരുടെ പ്രകടനം സിനിമയുടെ മുഴുവൻ ഭാരവും സ്വന്തം ചുമലിലേറ്റുന്ന തരത്തിലാണ്. 🔥👏🏻
ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും വിജയരാഘവനും ഉൾപ്പെടെയുള്ള മറ്റു താരങ്ങളും തങ്ങളുടെ ഭാഗങ്ങൾ വളരെ നന്നായി ചെയ്തിട്ടുണ്ട്. ആരുടെയും പ്രകടനം സിനിമയിൽ അനാവശ്യമായി തോന്നുന്നില്ല. ഓരോ കഥാപാത്രത്തിനും കഥയിൽ കൃത്യമായൊരു സ്ഥാനമുണ്ട് എന്നത് സിനിമയുടെ മറ്റൊരു പ്ലസ് പോയിന്റാണ്. 🤍
കയ്യടക്കമുള്ള സ്ക്രിപ്റ്റാണ് സിനിമയുടെ പ്രധാന ശക്തികളിലൊന്ന്. കഥയെ അനാവശ്യമായി വലിച്ചുനീട്ടാതെ, പ്രേക്ഷകന്റെ ശ്രദ്ധ തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്തുന്ന രീതിയിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓരോ സംഭവങ്ങളും അടുത്തതെന്താണ് എന്നൊരു ആകാംക്ഷ പ്രേക്ഷകനിൽ ഉണ്ടാക്കുന്നുണ്ട്. അതോടൊപ്പം കഥാപാത്രങ്ങളുടെ മാനസികാവസ്ഥകൾക്കും ആവശ്യമായ പ്രാധാന്യം നൽകുന്നുണ്ട്.
മേക്കിങ്ങും എടുത്തുപറയേണ്ടതാണ്. 👌🏻
ത്രില്ലർ എന്ന ജോണറിന്റെ മൂഡ് നിലനിർത്തിക്കൊണ്ട് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്. കഥ പറയുന്ന രീതിയിലും സീനുകളുടെ ട്രീറ്റ്മെന്റിലും ഒരു കൃത്യത അനുഭവപ്പെടുന്നു. അനാവശ്യമായ ബിൽഡപ്പുകളോ, പ്രേക്ഷകനെ ബോറടിപ്പിക്കുന്ന തരത്തിലുള്ള വലിച്ചുനീട്ടലുകളോ അധികം അനുഭവപ്പെടുന്നില്ല.
ഡീസന്റ് ഡയറക്ഷനൊപ്പം ടെക്നിക്കൽ വിഭാഗങ്ങളും സിനിമയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ട്. കഥയുടെ ടെൻഷനും കഥാപാത്രങ്ങളുടെ ഇമോഷണൽ ലെയറുകളും പ്രേക്ഷകനിലേക്ക് എത്തിക്കാൻ മേക്കിങ് സഹായിക്കുന്നുണ്ട്.
മൊത്തത്തിൽ, 'ആശ' നിങ്ങളെ തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്തുന്ന ഒരു ഗംഭീര ത്രില്ലറാണ്. 💯
കഥയുടെ സ്വഭാവം മനസ്സിലാക്കി സിനിമയെ സമീപിക്കുന്നവർക്ക് തീർച്ചയായും നല്ലൊരു അനുഭവം നൽകുന്ന ചിത്രമാണിത്. പ്രത്യേകിച്ച് ഉർവശി ചേച്ചിയുടെ പ്രകടനം കാണാൻ വേണ്ടി മാത്രം പോലും ഈ സിനിമ മിസ് ചെയ്യരുത്.
മലയാള സിനിമയിൽ വ്യത്യസ്തമായ ത്രില്ലറുകൾ ഇനിയും സംഭവിക്കട്ടെ... 🙌🏻
നല്ല കഥകളും മികച്ച പ്രകടനങ്ങളും കൊണ്ടുവരുന്ന ഇത്തരം സിനിമകൾക്ക് പ്രേക്ഷകരുടെ പിന്തുണ എന്നും ഉണ്ടാകട്ടെ. ❤️
മിസ്സ് ചെയ്താൽ പിന്നീട് ഖേദിക്കേണ്ടി വന്നേക്കാം! 💯🔥
✍🏻 MOVIES BUFF

Comments
Post a Comment